ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
Thursday, September 18, 2025 1:19 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആണവഭീഷണിയെ ഭയക്കുന്നില്ലെന്നും ആവശ്യമെങ്കിൽ ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരരായ ഇന്ത്യൻ സായുധസേന കണ്ണിമ വെട്ടുന്ന വേഗതയിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. സ്വന്തം വീടുകൾക്കുള്ളിൽ ഭീകരരെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണിതെന്നും തന്റെ 75-ാം പിറന്നാൾ ദിനത്തിൽ മോദി പ്രഖ്യാപിച്ചു.
“ഭാരതമാതാവിന്റെ സുരക്ഷയ്ക്കു രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി. ഞങ്ങൾ ഓപ്പറേഷൻ സിന്ദൂർ നടത്തി ഭീകര ക്യാന്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധസേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു.
മറ്റൊരു പാക്കിസ്ഥാൻ ഭീകരൻ കണ്ണീരോടെ തന്റെ ദുരിതം വിവരിക്കുന്നത് രാജ്യവും ലോകവും കണ്ടു. ഇതൊരു പുതിയ ഇന്ത്യയാണ്. ആരുടെയും ആണവഭീഷണികളെ ഭയപ്പെടുന്നില്ല. സ്വന്തം വീടുകൾക്കുള്ളിൽ ഭീകരരെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണിത്’’- പറഞ്ഞു.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ നഷ്ടങ്ങൾ നേരിട്ടതായി ജെയ്ഷെ മുഹമ്മദ് ഭീകരൻ സമ്മതിക്കുന്ന വീഡിയോ പരാമർശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരതയോടു ശക്തമായി പ്രതികരിക്കുക മാത്രമല്ല ആരുടെയും ആണവഭീഷണികളെ പുതിയ ഇന്ത്യ ഭയപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഉന്നത ജെയ്ഷെ കമാൻഡറുടെ കുറ്റസമ്മതമെന്ന് മോദി പറഞ്ഞു.
പാക്കിസ്ഥാനിലെ ബഹവൽപുരിൽ മേയ് ഏഴിന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ജെയ്ഷെ കമാൻഡർ വീഡിയോയിൽ സമ്മതിച്ചതാണ് മോദി ആയുധമാക്കിയത്.
പാക്കിസ്ഥാൻ സൈന്യംപോലും സങ്കൽപ്പിക്കാത്ത പ്രദേശങ്ങളിലെ ഭീകരക്യാന്പുകൾ ഇന്ത്യൻ സായുധസേന തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഭീകരവിരുദ്ധ ഓപ്പറേഷനായിരുന്നു. തീവ്രവാദികളെ പിന്തുണയ്ക്കുന്നവരും കനത്ത വില നൽകേണ്ടിവരുമെന്ന് മോദി പറഞ്ഞു.
“സ്ത്രീശക്തി തെളിഞ്ഞു”
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധത്തിൽ ധീരവനിതകളുടെ പങ്ക് രാജ്യം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്ത്രീകളുടെ ധീരതയുടെയും ശക്തിയുടെയും പ്രതീകമാണു സിന്ദൂർ എന്ന് ഭോപ്പാലിൽ മോദി പറഞ്ഞു.
അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ധീരവനിതകൾ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ചു. സ്കൂൾ മുതൽ യുദ്ധഭൂമി വരെ പെണ്മക്കളുടെ ധീരതയിൽ രാജ്യം വിശ്വാസം അർപ്പിക്കുന്നു. ആദ്യമായി സൈനിക സ്കൂളുകൾ പെണ്കുട്ടികൾക്കായി വാതിൽ തുറന്നു. 2014നുമുന്പ് എൻസിസി കേഡറ്റുകളിൽ 25 ശതമാനമായിരുന്ന പെണ്കുട്ടികളുടെ പ്രാതിനിധ്യം 50 ശതമാനത്തിലേക്കു നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളിലടക്കം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുടിവെള്ളം, വൈദ്യുതി, പാചകവാതകം, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നു. വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്കു വൻതോതിൽ സാന്പത്തിക സഹായവും നൽകുന്നുണ്ട്. ചന്ദ്രയാൻ- മൂന്ന് ബഹിരാകാശ പദ്ധതിയിൽ നൂറിലേറെ വനിതാ ശാസ്ത്രജ്ഞരും എൻജിനിയർമാരുമാണു പങ്കാളികളായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന മാൾവയിലെ ഹോൾക്കർ രാജവംശത്തിലെ രാജ്ഞി അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ചു ഭോപ്പാലിൽ നടന്ന മഹിളാ ശക്തീകരണ മഹാസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അഹല്യഭായിയുടെ സ്മാരക സ്റ്റാന്പും 300 രൂപയുടെ നാണയവും മോദി പ്രകാശനം ചെയ്തു.
ജംബൂരി മൈതാനത്തു നടന്ന പരിപാടിയിൽ ഇൻഡോർ മെട്രോ റെയിൽവേയുടെ ആറു കിലോമീറ്റർ സൂപ്പർ പ്രയോറിറ്റി കോറിഡോറും ബുന്ദേൽഖണ്ഡിലെ ദാതിയ, ഭിണ്ഡിലെ സത്ന വിമാനത്താവളങ്ങളും വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
483 കോടി രൂപ ചെലവിൽ നിർമിക്കുന്ന 1,271 പുതിയ അടൽ ഗ്രാം സേവാ സദനുകളുടെ (പഞ്ചായത്ത് ഭവൻ) ആദ്യ ഗഡുവും മോദി കൈമാറി. ഇതിനുപുറമേ മൃതസംസ്കാരത്തിനുള്ള 778.91 കോടി രൂപയുടെ ക്ഷിപ്ര നദിക്കരികിലെ ഘാട്ടുകളുടെ നിർമാണത്തിനും 863.69 കോടിയുടെ കുടിവെള്ള പദ്ധതിക്കും തറക്കല്ലിട്ടു.