മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടുത്തയാഴ്ച തീരുമാനിക്കും
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഈ മാസം 18ന് വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗം തിങ്കളാഴ്ച നടക്കും.
പ്രധാനമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ. സെർച്ച് കമ്മിറ്റി തെരഞ്ഞെടുത്ത സ്ഥാനാർഥികളിൽനിന്ന് ഒരാളുടെ പേര് സമിതി ശിപാർശ ചെയ്യും.
സാധാരണയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്പോൾ ഏറ്റവും മുതിർന്ന തെരഞ്ഞെടുപ്പ് കമ്മീഷണറെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ശിപാർശ ചെയ്യാറുള്ളത്.
അങ്ങനെയെങ്കിൽ രാജീവിനെ കൂടാതെ ഇപ്പോൾ നിലവിലുള്ള രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽനിന്ന് ഗ്യാനേഷ് കുമാർ അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും. രാജീവ് വിരമിക്കുന്ന ഒഴിവിലേക്ക് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെക്കൂടി അടുത്തയാഴ്ച നിയമിക്കും.