പ്രതിയെ മോചിപ്പിച്ചില്ല; ഇഡിക്കെതിരേ സുപ്രീംകോടതി
സ്വന്തം ലേഖകൻ
Friday, February 14, 2025 5:13 AM IST
ന്യൂഡൽഹി: കുറ്റപത്രം റദ്ദാക്കിയ ശേഷവും പ്രതിയെ ജയിൽമോചിതനാക്കാതിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സ്ത്രീധന നിരോധന നിയമം പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും (പിഎംഎൽഎ) ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇഡിയോട് ചോദിച്ചു.
വിചാരണ അനുമതി ലഭിക്കാതിരുന്നിട്ടും ഛത്തീസ്ഗഡിൽനിന്നുള്ള മുൻ എക്സൈസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാർ ത്രിപാഠിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിനു ജാമ്യം അനുവദിച്ചുകൊണ്ടാണ് ബെഞ്ചിന്റെ വിമർശനം.
പിഎംഎൽഎ പ്രകാരം പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണെന്നു കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ കേസിൽ ഇതു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പ്രതിക്കെതിരേയുള്ള പരാതി ഫയലിൽ സ്വീകരിച്ച പ്രത്യേക കോടതിയുടെ ഉത്തരവ് ഈ മാസം ആദ്യം റദ്ദാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കാതിരുന്ന ഇഡി നടപടിയെയും ബെഞ്ച് വിമർശിച്ചു.
ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥർക്ക് ഇതറിയാമായിരുന്നില്ലേ എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം. കുറ്റപത്രം റദ്ദാക്കിയ സാഹചര്യത്തിൽ പ്രതിയുടെ കസ്റ്റഡി തുടരുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു.