വിലങ്ങു വച്ചതിൽ ആശങ്കയറിയിക്കും: ഇന്ത്യ
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് സൈനികവിമാനത്തിൽ 104 ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതിനെതിരേ അമേരിക്കയെ ആശങ്ക അറിയിക്കുമെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
അമേരിക്കയിൽനിന്ന് വിമാനത്തിൽ നാടു കടത്തുന്ന രീതി വർഷങ്ങളായി നിലവിലുണ്ടെങ്കിലും ഈ രീതി വ്യത്യസ്തമായിരുന്നുവെന്നു വിക്രം മിസ്രി പറഞ്ഞു. കേന്ദ്രസർക്കാർ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കൻ അധികാരികളോട് ചേർന്നു പ്രവർത്തിക്കുകയാണെന്നും മിസ്രി പറഞ്ഞു.
487 ഇന്ത്യക്കാരെകൂടി നാടുകടത്താൻ ഉത്തരവുണ്ടെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെന്ന് മിസ്രി വെളിപ്പെടുത്തി. ഇതിൽ 298 പേരുടെ വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിനു നൽകിയിട്ടുണ്ട്.
ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ട്രംപ് ഭരണകൂടവുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരോട് മോശമായി പെരുമാറുന്നത് അമേരിക്കയുടെ ശ്രദ്ധയിൽപ്പെടുത്തും. അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥിതിക്കെതിരേ കർശനനടപടിയെടുക്കണമെന്നും മിസ്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 12നും 13നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണത്തിൽ അമേരിക്ക സന്ദർശിക്കുമെന്ന് മിസ്രി അറിയിച്ചു. ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ മോദി നടത്തുന്ന ആദ്യ സന്ദർശനമാണിത്.
അമേരിക്കൻ സന്ദർശനത്തിനു മുന്പായി 10 മുതൽ 12 വരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനോടൊപ്പം ഫ്രാൻസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ മോദി സഹാധ്യക്ഷത വഹിക്കുമെന്നും മിസ്രി അറിയിച്ചു.