വിയോജിപ്പുണ്ടായിരുന്നെങ്കിൽ സർക്കാരിനെ അറിയിക്കണമായിരുന്നു ; തമിഴ്നാട് ഗവർണറെ കുടഞ്ഞ് സുപ്രീംകോടതി
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: തമിഴ്നാട് നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ മൂന്നുവർഷമായി തീരുമാനമെടുക്കാത്ത തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ വീണ്ടും സുപ്രീംകോടതിയുടെ വിമർശനം.
നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നു സ്വയം ധാരണയുണ്ടാക്കി ബില്ലുകളിൻമേൽ വെറുതെ തീരുമാനമെടുക്കാതിരിക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി ചോദിച്ചു.
വിയോജിപ്പുണ്ടായിരുന്നെങ്കിൽ അഭിപ്രായം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് അതിൻമേൽ അനുമതി നൽകാതിരിക്കാൻ വേണ്ടിയായിരുന്നുവോയെന്നും ഗവർണറുടെ ഈ നടപടി ആർട്ടിക്കിൾ 200ന്റെ വ്യവസ്ഥ മറികടക്കാൻ വേണ്ടിയായിരുന്നുവോയെന്നും മേൽക്കോടതി സംശയം പ്രകടിപ്പിച്ചു.
ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബില്ലുകളിൻമേൽ ഒന്നുകിൽ അനുമതി നൽകാം, അല്ലെങ്കിൽ പിടിച്ചുവയ്ക്കാം, അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടാം. എന്നാൽ അനുമതി നൽകാതെ പിടിച്ചുവച്ചതിനു ശേഷം ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാൻ കഴിയുമോയെന്ന് സുപ്രീംകോടതി ചോദിച്ചു.
കേന്ദ്രനിയമത്തോട് വിരുദ്ധമാണെങ്കിലോ സംസ്ഥാന ഹൈക്കോടതിയുടെ ഭരണഘടനാ അധികാരങ്ങളെ അവഹേളിക്കുകയാണെന്നു തോന്നിയാലോ മാത്രമേ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാൻ കഴിയൂവെന്നു തമിഴ്നാട് സർക്കാർ വാദിച്ചു.
സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനമടക്കമുള്ള 12 ബില്ലുകളിലാണ് ഗവർണർ തീരുമാനമെടുക്കാതിരിക്കുന്നത്.
ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ ഗവർണർ രണ്ടു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു പത്തെണ്ണത്തിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു.
പിന്നീട് തമിഴ്നാട് സർക്കാർ നിയമസഭയിൽ പ്രത്യേക സമ്മേളനം കൂടി 10 ബില്ലുകൾ വീണ്ടും പാസാക്കിയെങ്കിലും 10 ബില്ലുകളും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. കേസിൽ 10നു വീണ്ടും വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ബില്ലുകൾ പാസാക്കാത്തതു സംബന്ധിച്ച് കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ നൽകിയിരിക്കുന്ന സമാന ഹർജിയിൽ സുപ്രീംകോടതി മാർച്ചിൽ വാദം കേൾക്കും.