ഒരു മാസം നീണ്ട "ഡിജിറ്റല്‍ അറസ്റ്റ് ' എഴുപത്തേഴുകാരിക്കു നഷ്ടം 3.8 കോടി രൂപ
Wednesday, November 27, 2024 6:09 AM IST
മുംബൈ: മുംബൈയില്‍ എഴുപത്തേഴുകാരിയായ വീട്ടമ്മയെ കബളിപ്പിച്ച് സൈബര്‍ തട്ടിപ്പ് സംഘം 3.8 കോടിരൂപ അപഹരിച്ചു. ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ധരിപ്പിച്ച് ഒരുമാസത്തോളം വീട്ടമ്മയെ കബളിപ്പിച്ചാണു സംഘം അക്കൗണ്ടിൽനിന്ന് പല തവണയായി പണം കൈക്കക്കലാക്കിയത്. റിട്ട. ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം കഴിയുന്ന വീട്ടമ്മയുടെ രണ്ടു മക്കളും വിദേശത്താണ്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കാലം നീണ്ട ഡിജിറ്റല്‍ തട്ടിപ്പാണിതെന്നു പറയപ്പെടുന്നു. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പു സംഘം ആദ്യം വീട്ടമ്മയെ സമീപിച്ചത്. ഇവരുടെ പേരിൽ തായ്വാനിലേക്ക് അയച്ച പാഴ്സല്‍ പിടിച്ചെടുത്തുവെന്നായിരുന്നു ആദ്യം പറഞ്ഞത്.
മയക്കുമരുന്നായ എംഡിഎംഎ, അഞ്ച് പാസ്പോര്ട്ടുകള്, ബാങ്ക് കാര്‍ഡുകള്‍ എന്നിവ പാഴ്സലില്നിന്നും കണ്ടെടുത്തെന്നും പറഞ്ഞു. പാഴ്സല്‍ അയച്ചിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞപ്പോൾ ആധാര്‍ കാര്‍ഡ് അടക്കം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ സ്കൈപ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഐപിഎസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ആള് സ്കൈപ്പില്‍ വന്നു. 24 മണിക്കൂര്‍ വീഡിയോ കോളില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഈ അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു.
ആദ്യതവണ 15 ലക്ഷം രൂപയാണ് വീട്ടമ്മ കൈമാറിയത്. ഇത് ഒരു മാസം നീണ്ടു. സംശയം തോന്നിയപ്പോഴേക്കും 3.8 കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം വീട്ടമ്മ മകളെ അറിയിക്കുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം പോലീസിൽ പരാതിയും നൽകി. വീട്ടമ്മയുടെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിരിക്കുകയാണ്.