സമ്മർദം ഫലിച്ചു; പ്രതിപക്ഷനേതാക്കൾക്കും വേദിയിൽ ഇരിപ്പിടം
സ്വന്തം ലേഖകൻ
Wednesday, November 27, 2024 6:09 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികാഘോഷച്ചടങ്ങിൽ പ്രതിപക്ഷനേതാക്കൾക്കും വേദിയിൽ ഇരിപ്പിടം നൽകി കേന്ദ്രസർക്കാർ. നേരത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരെ ഒഴിവാക്കിയായിരുന്നു സർക്കാർ ചടങ്ങിന് രൂപം നൽകിയത്.
പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കം പ്രതിപക്ഷം കത്ത് നൽകി. പ്രതിപക്ഷനേതാക്കളെ വേദിയിൽനിന്ന് ഒഴിവാക്കിയാൽ ചടങ്ങു ബഹിഷ്കരിച്ച് അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ സത്യഗ്രഹം നടത്താൻ "ഇന്ത്യ' സഖ്യം എംപിമാർ ആലോചിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഖാർഗെയെയും രാഹുലിനെയും വേദിയിലിരുത്താൻ സർക്കാർ തീരുമാനിച്ചത്.
ഭരണഘടനയ്ക്കു രൂപം നൽകിയ പഴയ പാർലമെന്റ് മന്ദിരത്തിലെ കോണ്‍സ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) നടന്ന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർല, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ജെ.പി. നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജുജു, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് എന്നിവർ വേദിയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരും ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും ചടങ്ങിൽ പങ്കെടുത്തു. പിന്നീട് രാഷ്ട്രപതി വായിച്ച ഭരണഘടനയുടെ ആമുഖത്തിന്റെ ഹിന്ദി പരിഭാഷ മന്ത്രിമാരും എംപിമാരും ഏറ്റുവായിച്ചു.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കൾ എന്നിവർ വേദിയിലുണ്ടായിരുന്നെങ്കിലും പ്രസംഗിച്ചില്ല. പ്രസംഗിച്ചില്ലെങ്കിലും ഭരണഘടനയുടെ 75 വർഷത്തെക്കുറിച്ചു ചടങ്ങിൽ പ്രദർശിപ്പിച്ച വീഡിയോ ചിത്രത്തിൽ മോദിയുടെ പ്രസംഗം ഉൾപ്പെടുത്തി.
75 രൂപ നാണയവും സ്റ്റാന്പും പുറത്തിറക്കി
ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ നാണയവും പ്രത്യേക സ്റ്റാന്പും രാഷ്ട്രപതി ദ്രൗപദി മുർമു പുറത്തിറക്കി. ഭരണഘടനയുടെ ആദ്യ സംസ്കൃത പരിഭാഷയും അതിന്റെ മൈഥിലി ഭാഷയിലെ ബുക്കും ഭരണഘടനയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും ഇന്നലെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രകാശനം ചെയ്തു.
ഭരണഘടന വഴികാട്ടുന്ന വെളിച്ചം: പ്രധാനമന്ത്രി
ന്യൂഡൽഹി: പരിവർത്തനത്തിന്റെ ഒരു വലിയ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ വഴി കാട്ടുന്ന വെളിച്ചമാണു ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “രാജ്യമാദ്യം’’ എന്ന വികാരം ഭരണഘടനയെ കാലങ്ങളോളം നിലനിർത്തുമെന്നും മോദി പറഞ്ഞു. സുപ്രീംകോടതിയിൽ നടന്ന ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെയും മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെയും പ്രധാനമന്ത്രി സ്മരിച്ചു.
ജമ്മു കാഷ്മീരിൽ ഭരണഘടന പൂർണമായി പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി ജമ്മു കാഷ്മീരിൽ ഭരണഘടനാദിനം ആഘോഷിക്കാനായി. രാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാനും ഭരണഘടനയ്ക്കു കഴിഞ്ഞു.
ഭരണഘടന കേവലമൊരു അഭിഭാഷകരേഖയല്ലെന്നും അതിന്റെ ആത്മാവ് എപ്പോഴും കാലത്തിന്റെ ആത്മാവാണെന്നുമുള്ള അംബേദ്കറിന്റെ പ്രസ്താവനയും മോദി പ്രസംഗത്തിൽ ഉദ്ധരിച്ചു. കഴിഞ്ഞ 75 വർഷത്തിനിടെ ഭരണഘടന പലതവണ വെല്ലുവിളി നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അത് കരുത്തോടെ നിലനിൽക്കുന്നുവെന്നും മോദി പറഞ്ഞു. സുപ്രീംകോടതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ തുടങ്ങിയവർ പങ്കെടുത്തു.