അവ്യക്തത തുടരുന്നു, ഷിൻഡെ രാജിവച്ചു
Wednesday, November 27, 2024 6:09 AM IST
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് സസ്പെൻസ് തുടരുന്നു. മഹായുതി വൻ വിജയം നേടി നാലു ദിവസമായിട്ടും സർക്കാർ രൂപവത്കരണം എങ്ങുമെത്തിയിട്ടില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവലെ ഇന്നലെ പറഞ്ഞു. എന്നാൽ, ബിജെപിയിൽനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല.
ഇന്നലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർക്കൊപ്പം ഗവർണർ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചാണ് ഷിൻഡെ രാജി സമർപ്പിച്ചത്. പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കും വരെ ഷിൻഡെ കാവൽ മുഖ്യമന്ത്രിയായി തുടരും.
ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേനാ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹായുതി വൻ വിജയം നേടിയതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 132 സീറ്റ് ഒറ്റയ്ക്കു ലഭിച്ച ബിജെപി മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയാറല്ല. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനും ഷിൻഡെയെയും അജിത് പവാറിനെയും ഉപമുഖ്യമന്ത്രിമാരാക്കാനുമാണ് ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് പ്രമുഖ വകുപ്പുകൾ നല്കിയേക്കും. വകുപ്പുകളുടെ കാര്യത്തിൽ ധാരണയായ ശേഷമേ മുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കുകയുളളൂ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെയും നിശ്ചയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുന്പ് ഘടകകക്ഷി നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. പരമാവധി 43 മന്ത്രിമാരാണു മഹാരാഷ്ട്രയിൽ ഉണ്ടാകുക.
എൻസിപി അജിത് പക്ഷത്തിന്റെ പിന്തുണ ദേവേന്ദ്ര ഫഡ്നാവിസിനാണ്. ഷിൻഡെയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്നത് ഈ നിലപാടാണ്. ഫഡ്നാവിസാണ് തങ്ങൾക്കു സ്വീകാര്യനെന്ന് മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞിരുന്നു.
ഷിൻഡെയുടെ കീഴിൽ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചതു ഷിൻഡെ മാതൃകയാക്കണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവലെയുടെ നിലപാട്. 26/11 ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ ഇന്നലെ ഷിൻഡെയും ഫഡ്നാവിസും ഒരുമിച്ചു പങ്കെടുത്തിരുന്നുവെങ്കിലും കാര്യമായി സംസാരിച്ചില്ല.