ലഖിംപുർ ഖേരി സംഭവം : ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയതിൽ വിശദീകരണം തേടി സുപ്രീംകോടതി
Thursday, November 28, 2024 2:27 AM IST
ന്യൂഡൽഹി: യുപിയിലെ ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയോടു പ്രതികരണം തേടി സുപ്രീംകോടതി.
ആരോപണങ്ങൾ നിഷേധിച്ചതിനെത്തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് മിശ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.
നാലാഴ്ചയ്ക്കുശേഷം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന ഫോട്ടോകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇവ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദാവേയുടെ വാദം.
റദ്ദാക്കിയ 2021ലെ കാർഷിക നിയമത്തിനെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി മാധ്യമപ്രവർത്തകനടക്കം എട്ടുപേരെ കൊലപ്പെടുത്തിയെന്നതാണ് മിശ്രയ്ക്കെതിരേയുള്ള കേസ്.
2023 ജനുവരിയിൽ മിശ്രയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യവും ഈ വർഷം ജൂലൈയിൽ സാധാരണ ജാമ്യവും അനുവദിച്ചിരുന്നു. കേസിലെ 12 കൂട്ടുപ്രതികൾക്ക് കഴിഞ്ഞ 12ന് അലാഹാബാദ് ഹൈക്കോടതി സാധാരണ ജാമ്യം അനുവദിച്ചു.
നിരവധി സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും സമീപഭാവിയിൽ വിചാരണ അവസാനിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. കേസിന്റെ വിചാരണ സുപ്രീംകോടതി നിരീക്ഷിച്ചുവരികയാണ്.