ജിരിബാം കൂട്ടക്കൊല: വിശദ അന്വേഷണം തുടങ്ങിയതായി എൻഐഎ
Wednesday, November 27, 2024 6:09 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ജിരിബാമിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പത്രക്കുറിപ്പിൽ അറിയിച്ചു. ജിരിബാമിൽ നടന്ന മൂന്നു കേസുകളാണ് അന്വേഷണപരിധിയിൽ. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്വേഷണസംഘം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. മണിപ്പുർ പോലീസിൽനിന്നു വിവരങ്ങൾ കൈമാറുന്ന നടപടി പുരോഗമിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. ബോറോബെക്രയിൽ വീടുകൾ കത്തിക്കുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് അന്വേഷണപരിധിയിലുള്ള കേസുകളിലൊന്ന്. മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടെ ആറുപേരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ജിരിബാമിൽ സൈനികക്യാന്പും പോലീസ് സ്റ്റേഷനും ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. ജിരിബാമിൽ ഒരു സ്ത്രീയെ അക്രമികൾ കൊലപ്പെടുത്തിയതാണ് അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കേസ്. ജിരിബാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ജോലിക്കു പോയ ആളെ കാണാതായി; മണിപ്പുരിൽ സംഘർഷാവസ്ഥ
ഇംഫാൽ: ജോലിക്കു പോയ ആളെ കാണാതായതിനെത്തുടർന്ന് മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ വീണ്ടും സംഘർഷാവസ്ഥ. മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഇംഫാൽ വെസ്റ്റിലെ ലോയിതാംഗ് ഖുനൂ നിവാസി ലൈഷ്റാം കമൽ ബാബു സിംഗി (55)നെയാണു തിങ്കളാഴ്ച ഉച്ചമുതൽ കാണാതായത്. എതിർവിഭാഗം തട്ടിക്കൊണ്ടുപോയതാണെന്ന പ്രചാരണമാണ് സംഘർഷത്തിനു വഴിവച്ചത്.
കാങ്പോക്പിയിലെ ലെയ്മഖോംഗ് സൈനിക ക്യാന്പിലെ ശുചീകരണജോലികൾ ചെയ്യുന്ന ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസും സൈന്യവും വ്യാപകമായ തെരച്ചിൽ തുടരുന്നുണ്ട്. കുക്കി മേധാവിത്തമുള്ള പ്രദേശത്താണു സൈനിക ക്യാന്പ്. ഇതിനു സമീപം താമസിച്ചിരുന്ന മെയ്തെയ് വിഭാഗക്കാർ കഴിഞ്ഞവർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് ലോയിതാംഗ് ഖുനുവിലേക്ക് ചേക്കേറുകയായിരുന്നു.
കമൽ ബാബുവിനുവേണ്ടി സുരക്ഷാസേന അന്വേഷണം തുടരുന്നതിനു സമാന്തരമായി മെയ്തെയ്കളും സംഘടിക്കുകയാണ്. സംഘർഷാവസ്ഥ ഒഴിവാക്കാനായി ഇവരെ തടയുന്നുണ്ടെങ്കിലും പലരും പിന്മാറാൻ കൂട്ടാക്കുന്നില്ല. കമൽ ബാബുവിനെ കുക്കികൾ തട്ടിക്കൊണ്ടുപോയെന്നും കടുത്ത സൈനികനടപടികൾ ഉണ്ടാകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.