മഹാരാഷ്ട്ര: ഷിൻഡെ വഴങ്ങി, ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
Thursday, November 28, 2024 3:01 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിനു വിരാമമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
സർക്കാർ രൂപവത്കരണത്തിനു തടസമാകാൻ ശിവസേനയുണ്ടാകില്ലെന്ന് താനെയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതോടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകും.
മുഖ്യമന്ത്രിസ്ഥാനമോഹം ഷിൻഡെ ഉപേക്ഷിച്ചതോടെ സർക്കാർ രൂപവത്കരണ ചർച്ചകൾ ഊർജിതമായി. 43 മന്ത്രിസ്ഥാനങ്ങളിൽ പകുതി ബിജെപി ഏറ്റെടുക്കും. ഷിൻഡെ പക്ഷത്തിന് പന്ത്രണ്ടും അജിത്പക്ഷത്തിന് പത്തും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
ഷിൻഡെ, ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ഇന്ന് ഡൽഹിയിൽ അമിത് ഷായുമായി ചർച്ച നടത്തുമെന്നാണു സൂചന. ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച പുതിയ സർക്കാർ അധികാരമേൽക്കുമെന്നും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു.
2022 ജൂണിലാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ഇത്തവണ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്കു നിരാശയില്ലെന്നും ഷിൻഡെ പറഞ്ഞു.
അതേസമയം, ബിജെപി നേതൃത്വം സമ്മർദം ചെലുത്തിയാണു ഷിൻഡെയെ പിന്തിരിപ്പിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.