ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ കർത്തവ്യങ്ങൾ എന്താണെന്നു വ്യക്തമായി അറിയാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. ഗണേശപൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലേക്കു ക്ഷണിച്ചതു വിവാദമായ പശ്ചാത്തലത്തിലാണു ചീഫ് ജസ്റ്റീസിന്റെ പ്രതികരണം.
ഭരണാധികാരികൾക്ക് അവരുടെ ചുമതലകളെപ്പറ്റിയും ധാരണയുണ്ട്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷറിയുടെ തീരുമാനങ്ങളെക്കാൾ അവയുടെ അടിസ്ഥാനപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാറാണു പതിവ്.
ജുഡീഷറിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ, ഫണ്ട് വിനിയോഗം തുടങ്ങിയ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഇത്തരം കൂടിക്കാഴ്ചകൾ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജഡ്ജിമാർക്കും ഭരണത്തലവന്മാർക്കും എന്തു ചർച്ച ചെയ്യണം, ചെയ്യരുത് എന്ന കാര്യത്തിൽ മതിയായ പക്വതയുണ്ട്. വിവിധ ഹൈക്കോടതി ജഡ്ജിമാർ അതത് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റീസുമാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരിക്കില്ല ഇത്തരം കൂടിക്കാഴ്ചകൾ. കുട്ടികളുടെ വിവാഹം, സ്വകാര്യ ആഘോഷ പരിപാടികൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത്തരം കൂടിക്കാഴ്ചകൾ സ്വാഭാവികമാണ്. മറ്റു വിഷയങ്ങൾ ഈ അവസരങ്ങളിൽ ചർച്ചയാകാറില്ല -ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൗനം പാലിച്ച ചീഫ് ജസ്റ്റീസ് വിരമിക്കാൻ ഏതാനും ദിവസം മാത്രം ശേഷിച്ചിരിക്കെയാണു പ്രതികരണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 12നായിരുന്നു ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. പരന്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചായിരുന്നു മോദിയുടെ വരവ്. ഏകദേശം ഒരു മണിക്കൂറോളം പരിപാടി നീണ്ടു.
ഭരണഘടനയുടെ സംരക്ഷകൻ തീർത്തും സ്വകാര്യമായുള്ള പരിപാടിയിൽ രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത് ആശങ്കയുളവാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
പൊതുവായ പരിപാടികളിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതുപോലെയല്ല സ്വകാര്യ പരിപാടികളിലെ കൂടിക്കാഴ്ചയെന്നും ഇത്തരം സന്ദർഭങ്ങൾ രാജ്യത്ത് ആദ്യമായിട്ടാണെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇതുപോലുള്ള കൂടിക്കാഴ്ചകൾ ജനങ്ങളുടെ വിശ്വാസ്യത കുറയ്ക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.