ജസ്റ്റീസ് കെ.എസ്. പുട്ടസ്വാമി അന്തരിച്ചു
Tuesday, October 29, 2024 1:45 AM IST
ന്യൂഡൽഹി: ആധാർ പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയ ജസ്റ്റീസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കർണാടക ഹൈക്കോടതി മുൻ ജഡ്ജിയായിരുന്നു.
ആധാർ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് 2012ലാണ് ജസ്റ്റീസ് പുട്ടസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യതയുടെ ലംഘനമാണ് ആധാർ പദ്ധതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജസ്റ്റീസ് പുട്ടസ്വാമിയുടെ ഹർജിയിലാണ് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രധാന വിധി 2017ൽ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പ്രഖ്യാപിച്ചത്.
1926 ഫെബ്രുവരി എട്ടിനാണ് പുട്ടസ്വാമി ജനിച്ചത്. 1952ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 1977 നവംബർ 28നു കർണാടക ഹൈക്കോടതി ജഡ്ജിയായി. 1986ൽ വിരമിച്ചു.