മണിപ്പുരിൽ സമാധാന ചർച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനചർച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രലയം. ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മണിപ്പുരിലെ ഭരണ, പ്രതിപക്ഷ എംഎൽഎമാരെ ഒരുമിച്ചിരുത്തിയുള്ള സമാധാന ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ ഇന്നലെ തുടക്കമിട്ടത്.
മെയ്തെയ്, കുക്കി, നാഗ തുടങ്ങി എല്ലാ വിഭാഗത്തിലെയും എംഎൽഎമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. 2023 മേയിൽ കലാപം തുടങ്ങിയതിനു ശേഷം ആദ്യമായാണ് എല്ലാ വിഭാഗക്കാരെയും ഒരുമിച്ചിരുത്തി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായത്.
ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചയിൽ മണിപ്പുർ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ്, എംഎൽഎമാരായ ടോങ്ബ്രാം റോബിന്ദ്രോ, ബസന്തകുമാർ സിംഗ് എന്നിവർ മെയ്തെയ് വിഭാഗത്തെ പ്രതിനിധീകരിച്ചും എംഎൽഎമാരയ ലെറ്റ്പാവോ ഹാക്കിപ്പ്, നെംച കിപ്ഗൻ എന്നിവർ കുക്കി വിഭാഗത്തെ പ്രതിനിധീകരിച്ചും പങ്കെടുത്തു.
കുക്കി വിഭാഗത്തിൽനിന്നുള്ള രണ്ടുപേരും മന്ത്രിമാരാണ്. യോഗത്തിൽ നാഗാ സമുദായത്തെ പ്രതിനിധീകരിച്ച് മൂന്ന് എംഎൽഎമാരും പങ്കെടുത്തു. കേന്ദ്ര സർക്കാർ നിയമിച്ച മധ്യസ്ഥനായ എ.കെ. മിശ്രയുടെയും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരന്നു ചർച്ച.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും യോഗത്തിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. കുക്കി എംഎൽഎമാർ ചർച്ചയിൽ പങ്കെടുക്കണോ എന്നു തീരുമാനിക്കാൻ തിങ്കളാഴ്ച ഡൽഹിയിൽ യോഗം ചേർന്നിരുന്നു.
സംഘർഷങ്ങൾ തുടങ്ങിയതിനു ശേഷം മൂന്നുവട്ടം മണിപ്പുരിൽ നിയമസഭ കൂടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് കുക്കി നേതാക്കൾ സഭയിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണുണ്ടായത്.
വിഷയത്തിൽ ഇടപെടാതിരുന്ന കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനമായിരുന്നു കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. സംഘർഷം തുടങ്ങി 17 മാസമായിട്ടും പ്രധാന മന്ത്രി മണിപ്പുർ സന്ദർശിക്കാതിരുന്നതിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു.
നേരത്തേ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഗവർണർ അനുസൂയ ഉയികായിയുടെ അധ്യക്ഷതയിൽ 51 അംഗ സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, ഇരുഭാഗത്തു നിന്നുമുള്ള നേതാക്കളുടെ തുടർച്ചയായ വിട്ടുനിൽക്കലിനെ തുടർന്ന് ഈ കമ്മിറ്റി പരാജയപ്പെടുകയാണുണ്ടായത്.