തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത പതിനാറുകാരൻ മരിച്ച നിലയിൽ
Wednesday, October 16, 2024 2:25 AM IST
മുസാഫർനഗർ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പതിനാറുകാരനെ പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആൺകുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എസ്ഐ അനിൽകുമാർ, വനിതാ കോൺസ്റ്റബിൾ അനു എന്നിവരുൾപ്പെടെ നാലു പേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ബിജ്നോറിൽനിന്നാണ് പെൺകുട്ടിക്കൊപ്പം 16 കാരൻ ഒളിച്ചോടിയത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും അംബാലയിൽ കണ്ടെത്തി. ഇതിനിടെ, ഇരുവരെയും എസ്ഐ സുനിൽകുമാർ തന്റെ വസതിയിൽ കസ്റ്റഡിയിൽവച്ചു. പിന്നീടാണ് ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ആൺകുട്ടി ജീവനൊടുക്കിയതാണെന്നു പോലീസ് സംശയിക്കുന്നു.