യഥാർഥ സന്തോഷം കണ്ടെത്തിയ നിമിഷം!
Friday, October 11, 2024 3:01 AM IST
ഒരിക്കൽ ഒരു ടെലിഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിന്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണു യഥാർഥ സന്തോഷമെന്ന് ഞാൻ അറിഞ്ഞു.
ഞാൻ ധാരാളം പണവും സ്വത്തും സമ്പാദിച്ചതാണ് ഒന്നാമത്തെ ഘട്ടം. എന്നാൽ, അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം ലഭിച്ചില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. അന്നു ഞാൻ വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങി.
പ്രസ്തുത സന്തോഷവും കേവലം താത്കാലികം മാത്രമാണെന്നു വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറേ പ്രോജക്ടുകൾ ആരംഭിച്ചു. വൈകാതെ ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95 ശതമാനം എണ്ണയും വിതരണം ചെയ്യുന്നത് എന്റെ സ്ഥാപനത്തിന്റെ ചുമതലയായി.
മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. പക്ഷേ, അപ്പോഴും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്: 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. ഞാൻ ഉടനെ അതു ചെയ്തുകൊടുത്തു. അപ്പോൾ അതു വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് ഞാൻതന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി.
അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻതന്നെ വീൽചെയറുകൾ വിതരണം ചെയ്തു. അതു സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിന്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു.
ഏതോ ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് എത്തിയതുപോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എന്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസം ഞാൻ തിരിച്ചറിഞ്ഞു. -രത്തൻ ടാറ്റ പറഞ്ഞു.