വെൽക്കം, നാനോ ഗുജറാത്തിലെത്തി
Friday, October 11, 2024 3:01 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഒറ്റവാക്ക് എസ്എംഎസ്. ഗുജറാത്തിലേക്ക് ടാറ്റാ നാനോ ഓടിയെത്തി. കലാപകലുഷിതമായ പശ്ചിമ ബംഗാളിൽനിന്നാണ് നാനോ ഉയിരുംവാരി പറന്നെത്തിയത്. കാലം 2008. ഇന്ത്യയുടെ കുഞ്ഞൻകാറിന് ഇടമൊരുക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ടൈപ്പ് ചെയ്ത ആ ഒറ്റവാക്ക് എന്തായിരുന്നെന്നോ, ‘വെൽക്കം’(സ്വാഗതം)!
നാനോ ഉടമ രത്തൻ ടാറ്റയ്ക്ക് എസ്എംഎസ് അയച്ച മുഖ്യമന്ത്രി ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പശ്ചിമ ബംഗാളിലെ നാനോ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് രത്തൻ ടാറ്റ പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മോദിയുടെ എസ്എംഎസ് എത്തുന്നത്.
മോദിതന്നെയാണ് ഇക്കഥ പിന്നീട് പറയുന്നത്. ഗുജറാത്തിലെ സാനന്ദിൽ 2010ൽ ടാറ്റാ നാനോ പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ വെളിപ്പെടുത്തൽ.
ഒരു ലക്ഷം രൂപ മാത്രമുള്ള നാനോയ്ക്ക് ഇന്ത്യൻ നിരത്തുകളിൽ എന്തുചെയ്യാനാവുമെന്നു നമുക്ക് കാണാമെന്നും അന്ന് മോദി പറഞ്ഞു. മോദിയുടെ നാവ് പൊന്നായി. നാനോ ഇടത്തരക്കാരന്റെ സ്വപ്നങ്ങളിലേക്കു ഫസ്റ്റ് ഗിയറിട്ട് ഓടിച്ചുകയറി.