ഹരിയാനയിൽ പുതിയ സർക്കാർ ദസറയ്ക്കു ശേഷം
Friday, October 11, 2024 1:33 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ പുതിയ സർക്കാർ അധികാരമേൽക്കുക ദസറയ്ക്കു ശേഷമെന്നു റിപ്പോർട്ട്. നിലവിലെ മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ഇന്നലെയുമായി സെയ്നി ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ജാതി സമവാക്യങ്ങൾ പരിഗണിച്ചാണു മന്ത്രിമാരെ തീരുമാനിക്കുക.
സെയ്നി സർക്കാരിലെ പത്തു മന്ത്രിമാരിൽ എട്ടു പേർ പരാജയപ്പെട്ടിരുന്നു. മഹിപാൽ ധൻഡ, മൂൽ ചന്ദ് ശർമ എന്നീ മന്ത്രമാരാണു വിജയിച്ചത്.
ഇവരെ പുതിയ സർക്കാരിലും ഉൾപ്പെടുത്തുമെന്നാണു റിപ്പോർട്ട്. ഹരിയാനയിൽ മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാർ വരെയാകാം.
ഹരിയാനയുടെ തെക്കൻഭാഗമായ അഹിർവാൾ ബെൽറ്റിലെ പതിനൊന്നിൽ പത്തു സീറ്റും നേടിയത് ബിജെപിയാണ്. കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗിന്റെ അനുയായികളാണ് ഇവിടെനിന്നു വിജയിച്ചവരിലേറെയും.
അഹിർവാൾ മേഖലയിൽനിന്ന് രണ്ടു മന്ത്രിമാർ ഉണ്ടാകുമെന്നാണു റിപ്പോർട്ട്. സ്വതന്ത്രയായി വിജയിച്ചശേഷം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച സാവിത്രി ജിൻഡാൽ മന്ത്രിയാകുമെന്നു സൂചനയുണ്ട്.