നിരാഹാരസമരം ആറാം ദിനത്തിലേക്ക്
Friday, October 11, 2024 1:33 AM IST
കോൽക്കത്ത: ജൂണിയർ വനിതാ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജിൽ സഹപാഠികളായ ഡോക്ടർമാരുടെ നിരാഹാര സത്യഗ്രഹം അഞ്ചു ദിവസം പിന്നിട്ടു.
പശ്ചിമബംഗാളിൽ ദുർഗാപൂജാ ആഘോഷങ്ങൾക്കിടെയാണ് ശനിയാഴ്ച ഡോക്ടർമാർ നിരാഹാരസമരം തുടങ്ങിയത്. ഇത് ആരോഗ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ബുധനാഴ്ച ഡോക്ടർമാരുമായി സർക്കാർ തലത്തിൽ നടത്തിയ ചർച്ചയിൽ, തൊഴിലിടങ്ങളിലെ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് സർക്കാരിനു വാചകമടി മാത്രമാണുള്ളതെന്നും നിയമ പരിരക്ഷയെക്കുറിച്ച് വ്യക്തമായ നിർദേശമില്ലെന്നും പ്രതികരിച്ച് ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജൂണിയർ ഡോക്ടർമാർ ബഹിഷ്ക്കരിച്ചിരുന്നു.
കോൽക്കത്ത നഗരങ്ങളിൽ പല കോണുകളിലായി സ്ഥാപിച്ചിട്ടുള്ള ദുർഗാപൂജ ആഘോഷ പന്തലുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത ഡോക്ടർമാരെ അറസ്റ്റ് ചെയ്ത നടപടിയെ ജൂണിയർ ഡോക്ടർമാർ അപലപിച്ചു.