കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസവും അഹന്തയുമെന്ന് സഖ്യകക്ഷികൾ
Thursday, October 10, 2024 2:38 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ അഹന്തയും അമിത ആത്മവിശ്വാസവുമാണ് ഹരിയാനയിൽ ഭരണം നഷ്ടമാകാൻ കാരണമെന്നു പ്രതിപക്ഷ ‘ഇന്ത്യ’ യിലെ സഖ്യകക്ഷികൾ. ചെറുകിട, പ്രാദേശിക പാർട്ടികളെ ഉൾക്കൊള്ളാത്തതാണു ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.
‘ഇന്ത്യ’ സഖ്യത്തിലെ ശിവസേന, തൃണമൂൽ, എഎപി, ആർജെഡി എന്നീ പാർട്ടികൾ കോണ്‍ഗ്രസിനെതിരേ പരസ്യ വിമർശനവുമായി രംഗത്തെത്തിയപ്പോൾ, യുപിയിലെ ഉപതെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായി സ്ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചാണു സമാജ്വാദി പാർട്ടി കോണ്‍ഗ്രസിനെ നാണംകെടുത്തിയത്. പത്തു സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അഞ്ചു സീറ്റിൽ അവകാശവാദം ഉന്നയിച്ചിരിക്കേയാണ് എസ്പി ആറു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയത്.
ജയിക്കുന്ന കളിയെ തോൽവിയാക്കി മാറ്റുകയാണു കോണ്‍ഗ്രസ് ചെയ്തതെന്ന് ശിവസേന (ഉദ്ധവ് താക്കറെ) മുഖപത്രമായ സാമ്ന ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വല്യേട്ടൻ ചമയരുത്. മഹാരാഷ്ട്രയിൽ ശിവസേന, കോണ്‍ഗ്രസ്, എൻസിപി സഖ്യം ജയിക്കും. എന്നാൽ ഹരിയാനയിൽനിന്നു കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും സാമ്ന പറഞ്ഞു. ഡിസംബറിൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ശിവസേനയുടെ വിമർശനം.
‘ജയിക്കുന്ന ഇന്നിംഗ്സിനെ തോൽവിയാക്കി മാറ്റാനുള്ള’ കോണ്‍ഗ്രസിന്റെ കഴിവ് അപാരമാണെന്നു സാമ്നയിലെ മുഖപ്രസംഗത്തിൽ പരിഹസിച്ചു. സഖ്യകക്ഷികളെ ഉൾക്കൊള്ളുന്നതിനോ പ്രാദേശിക നേതാക്കളുടെ അനുസരണക്കേട് നിയന്ത്രിക്കുന്നതിനോ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഹുൽ ഗാന്ധി പ്രേരിപ്പിക്കുകയും എഎപി ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും സഖ്യമുണ്ടായില്ല. എല്ലായ്പ്പോഴും കോണ്‍ഗ്രസിൽ ഇതു സംഭവിക്കുന്നു.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വിജയിക്കാവുന്ന തെരഞ്ഞെടുപ്പിനെ പാളം തെറ്റിച്ച സമാനമായ സാഹചര്യങ്ങൾ മറക്കരുത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി അധികാരത്തിൽ വരില്ലെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ കോണ്‍ഗ്രസിന്റെ ആഭ്യന്തര അരാജകത്വം ബിജെപിക്കു ഗുണം ചെയ്തു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ബോട്ട് മുക്കിയതാണോയെന്ന ചോദ്യം ഉയർന്നിട്ടുണ്ടെന്നും ശിവസേന മുഖപ്രസംഗത്തിൽ ആരോപിച്ചു.
ഹരിയാനയിൽ ‘ഇന്ത്യ’ സഖ്യം ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ അമിത ആത്മവിശ്വാസത്തിലായിരുന്നുവെന്നും ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്ത് എംപി പറഞ്ഞു.
സമാജ്വാദി പാർട്ടിയെയോ എഎപിയെയോ ഉൾക്കൊള്ളാമായിരുന്നു. എങ്കിൽ ഫലങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, എന്തടിസ്ഥാനത്തിലാണു റാവത്ത് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സഖ്യത്തെക്കുറിച്ച് അത്തരം അഭിപ്രായങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പഠോലെ പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചതാണ് ഹരിയാനയിൽ ഭരണം നഷ്ടമാകാൻ കാരണമെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. എഎപിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആശ്ചര്യപ്പെടുന്നു എന്നാണ് എഎപി നേതാവ് രാഘവ് ഛദ്ദ എക്സിൽ പങ്കുവച്ച കവിതയിലെ ചോദ്യം. കോണ്‍ഗ്രസുമായുള്ള സീറ്റുചർച്ചയ്ക്ക് ഛദ്ദയ്ക്കായിരുന്നു ചുമതല.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എഎപി അറിയിച്ചു. ഡൽഹിയിൽ ബിജെപിക്കും എഎപിക്കുമെതിരേ ഒറ്റയ്ക്കു മൽസരിക്കുമെന്ന് നേരത്തേ കോണ്‍ഗ്രസും സൂചിപ്പിച്ചിരുന്നു.
അരവിന്ദ് കേജരിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ വട്ടപ്പൂജ്യമായ എഎപിക്ക് വെറും 1.8 ശതമാനത്തിൽ താഴെ വോട്ടാണു ലഭിച്ചതെങ്കിലും കോണ്‍ഗ്രസിനെ വിമർശിക്കാനാണ് ആവേശമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്തെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം മാത്രം വോട്ട് ലഭിച്ച എഎപി കൂടുതൽ സീറ്റിനായി വാശി പിടിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു.
ശക്തമായ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന കോണ്‍ഗ്രസ് മനോഭാവമാണ് തെരഞ്ഞെടുപ്പു നഷ്ടങ്ങളിലേക്കു നയിക്കുന്നതെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ വിമർശിച്ചു.
സഖ്യതത്വങ്ങൾ മാനിക്കണമെന്നും വലിയ പാർട്ടികൾ പ്രാദേശിക പാർട്ടികളെ ബഹുമാനിക്കണമെന്നും ആർജെഡി ദേശീയ വക്താവ് സുബോധ് മേത്ത ഓർമപ്പെടുത്തി. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. സഖ്യകക്ഷികളുമായി യോജിച്ച രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാവരും ത്യാഗം സഹിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.