മുംതാസ് അലിയുടെ മരണം: മലയാളി യുവതി ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
Thursday, October 10, 2024 1:35 AM IST
മംഗളൂരു: വ്യവസായിയും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി യുവതിയും ഭർത്താവും ഉൾപ്പെടെ ആറു പേരെ മംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു.
യുവതിയുമൊത്തുള്ള ചിത്രങ്ങളുപയോഗിച്ച് ഹണിട്രാപ് നടത്തി മുംതാസ് അലിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണമുണ്ടാക്കാൻ ഇവർ ശ്രമിച്ചിരുന്നതായി അലിയുടെ കുടുംബം നേരത്തേ പരാതി നല്കിയിരുന്നു.
കാസർഗോഡ് ജില്ലക്കാരിയായ റഹ്മത്ത് എന്ന ആയിഷ, ഭർത്താവ് ഷുഹൈബ്, സിറാജ്, അബ്ദുൾ സത്താർ, മുസ്തഫ, ഷാഫി എന്നിവരാണു പിടിയിലായത്. അബ്ദുൾ സത്താറാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്നു മരിക്കുന്നതിനുമുമ്പ് മുംതാസ് അലി തന്റെ മകൾക്കും ഒരു സുഹൃത്തിനും അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു.
അലിയുടെ മരണത്തിനുശേഷം കാസർഗോട്ടേക്കു കടക്കാനുള്ള ശ്രമത്തിനിടെ കേരള അതിർത്തിയായ കല്ലടുക്കയിൽവച്ചാണ് റഹ്മത്തും ഭർത്താവും പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം നടക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് മുംതാസ് അലിയെ മംഗളൂരുവിലെ ഫാൽഗുനി നദിയിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തനിക്കെതിരായി അപവാദപ്രചാരണം നടത്തുമെന്ന ഭീഷണി ഭയന്ന് നേരത്തേ മുംതാസ് അലി ഈ സംഘത്തിന് 50 ലക്ഷം രൂപ നല്കിയിരുന്നു.
എന്നാൽ ഇവർ വീണ്ടും പണമാവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തുകയായിരുന്നു. മംഗളൂരുവിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ ഇളയ സഹോദരനാണ് മരിച്ച മുംതാസ് അലി.