ജമ്മു കാഷ്മീരിൽ "ഇന്ത്യ' വിസ്മയം, ഹരിയാനയിൽ ഹാട്രിക് താമര
Wednesday, October 9, 2024 2:14 AM IST
സനു സിറിയക്
ന്യൂഡൽഹി: ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഹരിയാനയിൽ അധികാരത്തിലേറാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ ഫലം കണ്ടില്ല. ആകെയുള്ള 90 സീറ്റിൽ 48ൽ വിജയിച്ച് ബിജെപി ഹാട്രിക് വിജയം നേടിയപ്പോൾ കോണ്‍ഗ്രസ് 37 സീറ്റിലൊതുങ്ങി.
ജമ്മു കാഷ്മീരിൽ ബിജെപിയുടെ പ്രതീക്ഷകൾ അട്ടിമറിച്ച് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ജമ്മു കാഷ്മീരിലെ 90 നിയമസഭാ സീറ്റുകളിൽ 48 ഇടത്ത് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും 29 ഇടത്ത് ബിജെപിയും വിജയിച്ചു. ഇരു സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 പേരുടെ പിന്തുണയാണ്.
ഹരിയാനയിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ വളരെ പിന്നിൽ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്. എക്സിറ്റ് പോളുകളും ഹരിയാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചത്. ഇതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിന്റെ ആദ്യമണിക്കൂർ. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കി ചെറിയ സമയത്തിനുള്ളിൽ ബിജെപി തങ്ങളുടെ തേരോട്ടം ആരംഭിച്ചു.
ഗ്രാമീണമേഖലകളിൽ കോണ്‍ഗ്രസിനു മേൽക്കൈ നേടാൻ സാധിച്ചെങ്കിലും നഗരപ്രദേശങ്ങളിലേക്ക് എത്തിയപ്പോൾ അതു നിലനിർത്താനായില്ല. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലുണ്ടായിട്ടും കോണ്‍ഗ്രസിനു കഴിഞ്ഞ തവണത്തേക്കാൾ ഏഴു സീറ്റ് മാത്രമാണ് കൂടുതൽ നേടാനായത്.
അതേസമയം, 2019ൽ പത്തു സീറ്റ് നേടി ബിജെപിക്കൊപ്പം അധികാരം പങ്കിട്ട ജെജെപിക്ക് ഇത്തവണ ഒരു സീറ്റുപോലും ലഭിച്ചില്ല. 89 സീറ്റിലും മത്സരിച്ച ആം ആദ്മി പാർട്ടിയുടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്.
എക്സിറ്റ് പോളുകൾ തൂക്കു നിയമസഭ പ്രവചിച്ചിടത്തുനിന്നാണു ജമ്മു കാഷ്മീരിൽ കേവല ഭൂരിപക്ഷത്തോടെ "ഇന്ത്യ’സഖ്യം അധികാരത്തിലെത്തിയത്. 42 സീറ്റിൽ നാഷണൽ കോണ്‍ഫറൻസും ആറിടത്ത് കോണ്‍ഗ്രസും ഒരിടത്ത് സിപിഎമ്മും വിജയിച്ചതോടെ 49 സീറ്റ് നേടിയാണു സഖ്യം കേവലഭൂരിപക്ഷം നേടിയത്. ഒമർ അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസ് പാർട്ടിക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും ലീഡ് നിലയിൽ പിന്നോട്ടുപോകേണ്ടിവന്നില്ല.
അതേസമയം, 2014 ലെ തെരഞ്ഞെടുപ്പിൽ 12 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം ഇക്കുറി നേർപകുതിയായി. ആം ആദ്മി പാർട്ടിക്ക് ജമ്മു കാഷ്മീരിൽ ആദ്യമായി അക്കൗണ്ട് തുറക്കാനും സാധിച്ചു.
ദോഡ മണ്ഡലത്തിൽ വിജയിച്ച മെഹ്റാജ് മാലിക്കാണ് ആംആദ്മി പാർട്ടിക്കു വിജയമധുരം സമ്മാനിച്ചത്. അതേസമയം സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണ ആർക്കാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏഴു സ്വതന്ത്രരാണ് വിജയിച്ചത്.
370 -ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നനിലയിൽ ഏറെ പ്രാധാന്യമുള്ളതാണു ജമ്മു കാഷ്മീരിലെ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന പദവി, കർഷക പ്രശ്നം, തീവ്രവാദം അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായിരുന്നു.
ജമ്മു കാഷ്മീരിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിൽ ബിജെപി ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഫലം പുറത്തുവരുന്നതിനുമുന്‍പുതന്നെ അഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ലഫ്. ഗവർണർ തീരുമാനിച്ചത് പാർട്ടിയുടെ ഉന്നതതലത്തിൽ നടന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ, "ഇന്ത്യ’ സഖ്യത്തിന് കേവലഭൂരിപക്ഷം ലഭിച്ചതോടെ ഈ നീക്കം അസ്ഥാനത്തായി.