"വോട്ടെണ്ണലിൽ കൃത്രിമം നടന്നു; ഹരിയാന ഫലം സ്വീകാര്യമല്ലെന്നു കോണ്ഗ്രസ് '
Wednesday, October 9, 2024 2:06 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സ്വീകാര്യമല്ലെന്നു കോണ്ഗ്രസ്. അപ്രതീക്ഷിതവും ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന തരത്തിലുള്ളമുള്ള ഫലമാണു ഹരിയാനയിൽ ഉണ്ടായതെന്ന് കോണ്ഗ്രസ് നേതാവ് പവൻ ഖേര എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായി വിവിധ മണ്ഡലങ്ങളിൽനിന്ന് പരാതികൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീനെക്കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്. ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യഥാർഥ്യത്തിനു വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം.
ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ കൃത്രിമം നടന്നതായി പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ട്. ആദ്യമണിക്കൂറുകളിൽ കോണ്ഗ്രസ് വലിയ മുന്നേറ്റമാണു നടത്തിയത്. എന്നാൽ പെട്ടെന്നാണു ലീഡ് നില മാറിമറിഞ്ഞത്.
ഒറ്റവാക്കിൽ പറഞ്ഞാൽ ജനാധിപത്യത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള ഫലമാണു ഹരിയാനയിൽ ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഫലം പുറത്തുവരുന്നതിന്റെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.
കോണ്ഗ്രസ് സ്ഥാനാർഥികൾ റിട്ടേണിംഗ് ഓഫിസർക്കു പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ പരാതികളെല്ലാം തങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും പവൻ ഖേര വ്യക്തമാക്കി.
ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിട്ടുവെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് നേരത്തെ പരാതി നൽകിയിരുന്നു.
രാവിലെ വോട്ടെണ്ണൽ തുടങ്ങി ഒന്പതിനും 11നുമിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്താൻ കാലതാമസമുണ്ടായി എന്നായിരുന്നു ജയ്റാം രമേശിന്റെ ആരോപണം.
11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിട്ടും നാല്, അഞ്ച് റൗണ്ടുകൾ വരെയുള്ള ഫലങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു തുടങ്ങിയവർക്കാണു പരാതി നൽകിയത്.
സത്യവും കൃത്യവുമായ കണക്കുകൾ ഉപയോഗിച്ച് കമ്മീഷന്റെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് ഉടൻ നിർദേശം നൽകണമെന്നും അതുവഴി തെറ്റായ വാർത്തകളും വിവരണങ്ങളും തടയാൻ കഴിയുമെന്നും ജയ്റാം രമേശ് നൽകിയ പരാതിയിൽ പറഞ്ഞു.