ജമ്മു കാഷ്മീരിലേത് ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം
Wednesday, October 9, 2024 2:06 AM IST
ജമ്മു: ജമ്മു കാഷ്മീരിൽ അധികാരത്തിലെത്താനായില്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ബിജെപി. 29 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്താൻ പാർട്ടിക്കു കഴിഞ്ഞു.2014ൽ നേടിയ 25 സീറ്റെന്ന റിക്കാർഡ് തിരുത്താനും ബിജെപിക്കായി.
അതേസമയം, ജമ്മു കാഷ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന നൗഷേരയിൽ പരാജയപ്പെട്ടത് പാർട്ടിക്ക് കനത്ത ആഘാതമായി.
കാഷ്മീർ താഴ്വരയിൽ ഒറ്റ സീറ്റിലും വിജയിക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. താഴ്വരയിലെ മിക്ക ബിജെപി സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി.
ബിജെപി വൈസ് പ്രസിഡന്റ് സോഫി യൂസഫിന് ശ്രീഗുഫ്വാര-ബിജ്ബെഹര മണ്ഡലത്തിൽ വെറും 3716 വോട്ടാണു ലഭിച്ചത്. ജമ്മു മേഖലയിലെ മിന്നും പ്രകടനമാണു ബിജെപിക്ക് 29 സീറ്റ് ലഭിക്കാൻ കാരണം. ജമ്മു കാഷ്മീരിൽ 62 സീറ്റുകളിലാണു ബിജെപി മത്സരിച്ചത്.