ഹർഷ്വർധൻ പാട്ടീൽ എൻസിപിയിൽ
Tuesday, October 8, 2024 2:47 AM IST
ഇന്ദാപുർ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷ്വർധൻ പാട്ടീൽ എൻസിപി (ശരദ് പവാർ)യിൽ ചേർന്നു. ഇന്നലെ ശരദ് പവാറിന്റെ സാന്നിധ്യത്തിലാണു പാട്ടീൽ എൻസിപി അംഗത്വമെടുത്തത്. കഴിഞ്ഞയാഴ്ചയാണു പാട്ടീൽ ബിജെപി വിട്ടത്.
ഇന്ദാപുരിൽനിന്നു നാലു തവണ എംഎൽഎയായിട്ടുള്ള പാട്ടീലിനെ എൻസിപി ഇത്തവണ സ്ഥാനാർഥിയാക്കും. മുൻ ബാരാമതി എംപി ശങ്കർറാവു പാട്ടീലിന്റെ മകനായ ഹർഷവർധൻ പാട്ടീൽ 2019ലാണു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കൂടുതൽ ബിജെപി, എൻസിപി (അജിത് പവാർ) പാർട്ടികളിൽനിന്നു കൂടുതൽ നേതാക്കൾ പ്രതിപക്ഷമുന്നണിയിലെത്തുമെന്ന് ശരദ് പവാർ പറഞ്ഞു.
മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും അജിത് പവാർ പക്ഷ നേതാവുമായ രാംരാജെ നായിക് നിംബാൽക്കർ അടുത്തയാഴ്ച എൻസിപിയിൽ (ശരദ് പവാർ) ചേരുമെന്നാണു റിപ്പോർട്ട്. അവിഭക്ത എൻസിപി നേതാവായിരുന്നു നിംബാൽക്കർ. ശരദ് പവാറിനെ വിട്ടുപോയതിൽ താൻ ഖേദിക്കുന്നുവെന്നു കഴിഞ്ഞദിവസം നിംബാൽക്കർ പറഞ്ഞിരുന്നു.