ഹരിയാനയിൽ ഇന്നു വോട്ടെടുപ്പ്
Saturday, October 5, 2024 5:26 AM IST
ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 90 നിയമസഭാ മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഗുസ്തിതാരം വിനേഷ് ഫോഗട്ട്, ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
ഭരണകക്ഷിയായ ബിജെപി ഹാട്രിക് വിജയം ലക്ഷ്യമിടുന്പോൾ അധികാരത്തിൽ തിരിച്ചെത്താനാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും അഞ്ചു വീതം സീറ്റ് നേടിയിരുന്നു. 2.03 കോടി വോട്ടർമാരാണ് ആകെയുള്ളത്. 1031 സ്ഥാനാർഥികൾ മത്സരിക്കുന്നു. കോൺഗ്രസും ബിജെപിയും തമ്മിലാണു പ്രധാന പോരാട്ടം. എഎപി, ഐഎൻഎൽഡി-ബിഎസ്പി സഖ്യം, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യം എന്നിവയും രംഗത്തുണ്ട്. ചൊവ്വാഴ്ച ഫലപ്രഖ്യാപനമുണ്ടാകും.