യുപിയിൽ ദളിത് അധ്യാപകനെയും കുടുംബത്തെയും വെടിവച്ചു കൊന്നു
Saturday, October 5, 2024 5:26 AM IST
റായ്ബറേലി: അമേഠിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ സ്കൂൾ അധ്യാപകൻ സുനിൽ കുമാറും (35) ഭാര്യ പൂനവും (32) ഇവരുടെ രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്.
സുനിൽ കുമാറിന്റെ പിതാവ് രാം ഗോപാലുമായാണ് (60) രാഹുൽ ഫോണിൽ സംസാരിച്ചത്. തന്റെയും അമേഠി മുൻ എംപിയും കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധിയുടെയും അനുശോചനം രാഹുൽ അറിയിച്ചു.
റായ്ബറേലി സ്വദേശികളായ ദളിത് അധ്യാപകനും കുടുംബവും അമേഠിയിലെ അഹോർവ ഭവാനി മേഖലയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ദളിത് കുടുംബത്തിന്റെ കൊലപാതകത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ രൂക്ഷ വിമർശം ഉയർന്നിട്ടുണ്ട്.
എസ്സി എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം സുനിൽ കുമാറിന്റെ ഭാര്യ പൂനം റായ് ബറേലി സ്വദേശി ചന്ദൻ വർമയ്ക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദിത്വം ചന്ദൻ വർമയ്ക്കാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.