ഛത്തീസ്ഗഡിൽ വ്യാജ എസ്ബിഐ ശാഖ നടത്തി തട്ടിപ്പ്: അഞ്ചുപേർ അറസ്റ്റിൽ
പ്രത്യേക ലേഖകൻ
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ വ്യാജശാഖ ഛത്തീസ്ഗഡിൽ തുറന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവർ അറസ്റ്റിൽ.
സംസ്ഥാന തലസ്ഥാനമായ റായ്പുരിൽനിന്ന് 250 കിലോമീറ്റർ അകലെ ശക്തി ജില്ലയിലെ ഛപ്പോര ഗ്രാമത്തിലാണ് പത്തു ദിവസം മുന്പ് വ്യാജ എസ്ബിഐ ശാഖ തുറന്നു പ്രവർത്തനമാരംഭിച്ചത്.
ആറു പേരെ നിയമിച്ച് പരിശീലനം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ ആറു യുവാക്കൾക്ക് പണം വാങ്ങി അനധികൃത നിയമനം നൽകുകയും വ്യാജ പരിശീലന ക്ലാസുകൾ നടത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പ്രവർത്തിക്കുന്ന ബാങ്ക് കൗണ്ടറുകൾ, ബാങ്കിൽ ഉപയോഗിക്കുന്ന അതേ രീതിയിലുള്ള ഫോമുകൾ, പുതിയ ഫർണിച്ചറുകൾ തുടങ്ങിയവയടക്കം യഥാർഥ ബാങ്കിന്റെ ഘടകങ്ങളെല്ലാം ശാഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ രംഗം പോലെ കുറ്റവാളികൾ വലിയ ബാങ്കിംഗ് തട്ടിപ്പ് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയെന്ന് പോലീസ് പറഞ്ഞു. വ്യാജശാഖ തിങ്കളാഴ്ച പൂട്ടി.
ബ്രാഞ്ച് കോഡ് ഇല്ല, പ്രതിമാസം 7000 രൂപ വാടക
വ്യാജ എസ്ബിഐ ശാഖയുടെ മാനേജരായി വേഷമിട്ട പങ്കജാണു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് പട്ടേൽ അറിയിച്ചു. പങ്കജിനൊപ്പം തട്ടിപ്പിൽ പങ്കാളികളായ രേഖാ സാഹു, മന്ദിർ ദാസ് എന്നിവരുൾപ്പെടെ നാലുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ശാഖയും അവിടെ ജോലിക്കു നിയമിച്ചവർക്കു നൽകിയ നിയമനങ്ങളും വ്യാജമാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.എസ്ബിഐയുടെ എംബ്ലവും പേരുമെഴുതിയ വലിയ ബോർഡ് സ്ഥാപിച്ചിരുന്നു.
എന്നാൽ ബ്രാഞ്ച് കോഡ് രേഖപ്പെടുത്തിയിരുന്നില്ല. ഗ്രാമവാസിയായ തോഷ് ചന്ദ്രയുടെ വാടക കോംപ്ലക്സിലാണു വ്യാജ എസ്ബിഐ ശാഖ ആരംഭിച്ചത്. പ്രതിമാസം 7,000 രൂപയായിരുന്നു വാടക.
അക്കൗണ്ട് തുറന്ന് നിരവധി പേർ
തട്ടിപ്പിനെക്കുറിച്ച് അറിയാതെ ഗ്രാമവാസികൾ അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും എസ്ബിഐയുടെ വ്യാജ ശാഖ സന്ദർശിക്കാൻ തുടങ്ങി. പലരും പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. പ്രമുഖ ബാങ്കിൽ ജോലി ഉറപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാർ. തട്ടിപ്പാണെന്ന് അറിയാതെയാണു പുതുതായി റിക്രൂട്ടു ചെയ്ത ആറു പേർ ബാങ്കിൽ ജോലി ചെയ്തതെന്നാണു പ്രാഥമിക വിവരം.
ആറു ലക്ഷം രൂപ വരെ വാങ്ങി നിയമനം
രണ്ടു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു നിയമനം. യഥാർഥമെന്നു തോന്നിക്കുന്ന ഓഫർ ലെറ്ററുകളും മാനേജർമാർ, മാർക്കറ്റിംഗ് ഓഫീസർമാർ, കാഷ്യർമാർ, കംപ്യൂട്ടർ ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകളും നൽകിയാണു ജീവനക്കാരെ നിയമിച്ചത്.
റിക്രൂട്ട് ചെയ്തവർക്കെല്ലാം തട്ടിപ്പുകാർ പരിശീലനവും നൽകി.എസ്ബിഐയുടെ തന്നെ സമീപത്തുള്ള ദാബ്ര ബ്രാഞ്ച് മാനേജർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണു പോലീസ് തട്ടിപ്പു കണ്ടെത്തിയത്. പ്രദേശവാസിയായ അജയ് കുമാർ അഗർവാൾ ഛപ്പോരയിലെ എസ്ബിഐ കിയോസ്കിനായി അപേക്ഷിച്ചിരുന്നു. ഒറ്റരാത്രികൊണ്ടു പെട്ടെന്ന് ഒരു എസ്ബിഐ ബ്രാഞ്ച് പ്രത്യക്ഷപ്പെട്ട കാര്യം അറിഞ്ഞപ്പോഴാണ് അയാൾക്കു സംശയം തോന്നിയത്.
ഏറ്റവും അടുത്തുള്ള എസ്ബിഐയുടെ ദാബ്രയിലെ നിയമാനുസൃത ബ്രാഞ്ചിൽ അക്കൗണ്ടുള്ള അജയ് കുമാർ മാനേജരെ കണ്ടു പുതിയ ശാഖയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. അറിയിപ്പുപോലും കൂടാതെ പുതിയൊരു എസ്ബിഐ ശാഖ തുറക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ കഴിയില്ലായിരുന്നുവെന്ന് അജയ് പറഞ്ഞു.
ഇതിനുമുന്പ് തമിഴ്നാട്ടിൽ
തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലെ പണ്റൂട്ടിയിൽ വ്യാജ എസ്ബിഐ ശാഖ നടത്തിയതിന് 2020ൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം ആദ്യമായാണ് അതേ രീതിയിൽ മറ്റൊരു വ്യാജ ബാങ്ക് ശാഖ സ്ഥാപിച്ചു തട്ടിപ്പ് നടത്തുന്നത്.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണ് സമയത്താണു തമിഴ്നാട്ടിലെ വ്യാജ എസ്ബിഐ ബ്രാഞ്ച് പ്രവർത്തിച്ചിരുന്നത്. കംപ്യൂട്ടറുകളും ലോക്കറുകളും വ്യാജരേഖകളും ചമച്ച് തട്ടിപ്പു നടത്തിയ എസ്ബിഐ മുൻ ജീവനക്കാരന്റെ മകൻ കമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംശയം തോന്നിയ ഒരു ഉപഭോക്താവ് ടൗണിലെ നിലവിലുള്ള എസ്ബിഐ ബ്രാഞ്ചിന്റെ മാനേജരോട് അന്വേഷിച്ചതിനെത്തുടർന്നാണു വ്യാജ ബാങ്കിനെക്കുറിച്ച് വിവരം പുറത്തുവന്നത്.