56 വർഷം മുന്പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം മഞ്ഞുമലയിൽ കണ്ടെത്തി
Tuesday, October 1, 2024 4:19 AM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ റോഹ്താംഗ് ചുരത്തിൽ 1968ൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന നാലു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ, മൽഖാൻ സിംഗ്, നാരായൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളിൽനിന്നു ലഭിച്ച രേഖകളിൽനിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം തിരിച്ചറിയാനുണ്ട്.
കരസേനയിലെ ഡോഗ്ര സ്കൗട്ട്സും തിരംഗ മൗണ്ടൻ റെസ്ക്യൂവും സംയുക്തമായാണു തെരച്ചിൽ നടത്തിയത്. 1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡിൽനിന്നു കാഷ്മീരിലെ ലേയിലേക്കു പോയ എഎൻ 12 വിമാനമാണു തകർന്നുവീണത്. 102 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
മോശം കാലാവസ്ഥയിൽ കുടുങ്ങിയ വിമാനം റോഹ്താംഗ് ചുരത്തിനു മുകളിൽ തകർന്നുവീഴുകയായിരുന്നു. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും മഞ്ഞുപാളികളിൽ ദശകങ്ങളോളം അകപ്പെട്ടിരിക്കുകയായിരുന്നു.
തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരും
പത്തനംതിട്ട: അന്പത്താറു വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. ഇലന്തൂർ ഒടാലിൽ ഒ. എം. തോമസിന്റെ മകൻ തോമസ് ചെറിയാൻ 1968 ൽ മരിക്കുന്പോൾ 22വയസായിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽനിന്ന് എസ്എസ്എൽസിയും കോളജിൽനിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യ ത്തിൽ ചേരുകയായിരുന്നു.
1996ൽ അമ്മ ഏലിയാമ്മ മരിക്കുന്നതുവരെ മകന്റെ ഭൗതികശരീരമെങ്കിലും കാണാമെന്ന പ്രതീക്ഷയിലായിരുന്നു. അന്നുവരെ പെൻഷനും ലഭിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരിൽ എത്തിച്ച് സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.