സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് ചെയ്താൽ വിട്ടയയ്ക്കണം
Tuesday, October 1, 2024 4:19 AM IST
സനു സിറിയക്
ന്യൂഡൽഹി: നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽനിന്നു താത്കാലിക ആശ്വാസം. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അറസ്റ്റ് ചെയ്താൽ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടു.
ജസ്റ്റീസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണു കോടതിയുടെ നടപടി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ വിചാരണക്കോടതി നിർദേശിക്കുന്ന ജാമ്യവ്യവസ്ഥയിൽ സിദ്ദിഖിനെ വിട്ടയയ്ക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കേസിൽ അതിജീവിതയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. സത്യവാങ്മൂലം സമർപ്പിക്കുന്പോൾ പരാതി നൽകാനെടുത്ത കാലതാമസം അതിജീവിതയ്ക്കു വ്യക്തമാക്കേണ്ടിവരും. മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ നടൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതി ഉത്തരവ്.
പരാതി നൽകാനെടുത്ത കാലതാമസം സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഖി കോടതിയിൽ എടുത്തുകാട്ടി. എട്ടു വർഷം വൈകിയാണു പരാതി നൽകിയതെന്നും പരാതിക്കാരി 2019 മുതൽ 2022 വരെ ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലെ വൈരുധ്യവും അദ്ദേഹം വാദത്തിനിടെ കോടതിയിൽ പറഞ്ഞു.
സിദ്ദിഖിന് 67 വയസുണ്ടെന്നും അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും അദ്ദേഹത്തെ ഹാജരാക്കാ മെന്നും മുകുൾ റോത്തഗി കോടതിയിൽ ബോധിപ്പിച്ചു. എന്തുകൊണ്ടാണു പരാതിക്കാരി പ്രത്യക്ഷപ്പെടാൻ എട്ടു വർഷത്തെ കാലതാമസമെടുത്തത്, പത്തു വർഷത്തോളമായി പരാതിക്കാരിയുടെ മൗനത്തിന് ന്യായമായ മറുപടിയെന്തെങ്കിലുമുണ്ടോ എന്നിങ്ങനെ പരാതിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവറിനോട് കോടതി ചോദിച്ചു.
സിദ്ദിഖ് മലയാളസിനിമയിലെ ശക്തമായ ഒരു സംഘടനയുടെ സെക്രട്ടറിയാണെന്നും സംഭവം നടക്കുന്പോൾ അതിജീവിതയ്ക്കു 19 വയസ് മാത്രമായിരുന്നെന്നും ഗ്രോവർ മറുപടി നൽകി. മലയാള സിനിമയിലെ പവർ ഗ്രൂപ്പിന്റെ സ്വാധീനവും ഗ്രോവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.