രാഹുലിനെതിരേ വിദ്വേഷ പരാമർശങ്ങൾ: പരാതിയുമായി കോണ്‍ഗ്രസ്
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ വിദ്വേഷ പരാമർശങ്ങൾ നടത്തിയ എൻഡിഎ നേതാക്കൾക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ്.
കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബി, ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്, ബിജെപി നേതാവ് തർവീന്ദർ സിംഗ് എന്നിവർക്കെതിരേ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി അജയ് മാക്കനാണ് ഡൽഹി പോലീസിൽ പരാതി നൽകിയത്. രാഹുലിനെ രാജ്യത്തെ നന്പർ വണ്‍ തീവ്രവാദി എന്നാണ് രവ്നീത് സിംഗും രഘുരാജ് സിംഗും വിശേഷിപ്പിച്ചത്.
ശിവസേന ഷിൻഡെ വിഭാഗം എംഎൽഎയായ സഞ്ജയ് ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുത്തശിയായ ഇന്ദിരയുടെ ഗതി തന്നെയായിരിക്കും രാഹുലിനും വരികയെന്നാണ് ബിജെപി നേതാവ് തർവീന്ദർ സിംഗ് പറഞ്ഞത്.
രാഹുലിനെതിരേയുള്ള എൻഡിഎ നേതാക്കളുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുയർത്തുന്നതാണെന്ന് പരാതിയിൽ അജയ് മാക്കൻ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷപ്രസംഗങ്ങൾ നടത്തി നേതാക്കൾ പൊതുസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അജയ് മാക്കൻ ആരോപിച്ചു.
മോശം പരാമർശങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.