ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി: ഉദയനിധി സ്റ്റാലിൻ
Thursday, September 19, 2024 2:19 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ. ദിവസങ്ങൾക്കു മുന്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സൂചന നൽകിയിരുന്നു.
“നിങ്ങൾ മുഖ്യമന്ത്രിയോടു ചോദിക്കണം, അതിനെക്കുറിച്ച് തീരുമാനിക്കുന്നത് പൂർണമായും മുഖ്യമന്ത്രിയുടെ അവകാശമാണ്’’- മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നതനേതാവായ എസ്.എസ്. പളനിമാണിക്യം തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും ഉദയനിധി വ്യക്തമാക്കി.
സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ചതന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.