പൾസർ സുനിക്കു ജാമ്യം
Wednesday, September 18, 2024 1:57 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്. സുനിലിന് ഏഴര വർഷത്തെ ജയിൽവാസത്തിനുശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
സുനിയെ ഒരാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
വിചാരണക്കോടതി നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രീംകോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി സുനി ജയിലിൽ കഴിയുകയാണെന്നും വിചാരണ നടപടികൾ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിഭാഗം സാക്ഷികളുടെ വിസ്താരംകൂടി ബാക്കിയുള്ളപ്പോൾ അന്തിമവാദം കേൾക്കൽ ഇനിയും മാസങ്ങൾ നീളും എന്ന വസ്തുത കോടതി പരിഗണിച്ചു. നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസത്തോളം വിസ്തരിച്ചു വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോയപ്പോൾ വിചാരണക്കോടതി ഇടപെടാത്തത് നിർഭാഗ്യകരമാണെന്നും പരമോന്നത കോടതി വിമർശിച്ചു.