രാഹുലിന്റെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം കൊടുക്കുമെന്ന് ഷിൻഡെ പക്ഷ എംഎൽഎ
Tuesday, September 17, 2024 1:49 AM IST
മുംബൈ: രാജ്യത്തെ സംവരണനിയമത്തെക്കുറിച്ചു പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ കൊടുക്കുമെന്ന് ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്.
എന്നാൽ, പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു. രാഹുൽ വിദേശത്തുവച്ച് നമ്മുടെ രാജ്യത്തെ സംവരണസംവിധാനം അവസാനിപ്പിക്കുമെന്നു പ്രസംഗിച്ചുവെന്നും ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം വെളിവാക്കുന്നതാണെന്നു ഗെയ്ക്വാദ് കുറ്റപ്പെടുത്തി.
വിദർഭ മേഖലയിലെ ബുൽദാന മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് സഞ്ജയ് ഗെയ്ക്വാദ്. കഴിഞ്ഞമാസം പോലീസ് ഉദ്യോഗസ്ഥൻ ഗെയ്ക്വാദിന്റെ കാർ കഴുകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാറിനുള്ളിൽ ഛർദ്ദിച്ചതിനു പിന്നാലെ കാർ കഴുകുകയായിരുന്നുവെന്നാണ് ഗെയ്ക്വാദ് അന്ന് പ്രതികരിച്ചത്.
1987ൽ താനൊരു കടുവയെ വേട്ടയാടിയെന്നും അതിന്റെ പല്ലാണ് കഴുത്തിൽ ധരിച്ചിരിക്കുന്നതെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഗെയ്ക്വാദ് പറഞ്ഞിരുന്നു. ഫോറൻസിക് റിപ്പോർട്ടിൽ, പല്ല് കടുവയുടേതാണെന്നു സ്ഥിരീകരിക്കുകയും ഗെയ്ക്വാദിനെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.