കാഷ്മീരിലെ സ്ഥാനാർഥികളിൽ 40% സ്വതന്ത്രർ
Tuesday, September 17, 2024 1:49 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ 908 സ്ഥാനാർഥികളിൽ 40 ശതമാനത്തിലേറെ പേർ സ്വതന്ത്രർ. ഇവരിൽ ഭൂരിഭാഗത്തെയും സ്പോൺസർ ചെയ്തിരിക്കുന്നതു ബിജെപിയാണെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു.
കാഷ്മീർ താഴ്വരയിലെ മണ്ഡലങ്ങളിൽ വോട്ട് ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്രരെ ബിജെപി രംഗത്തിറക്കിയിരിക്കുന്നതെന്ന് നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി പാർട്ടികൾ ആരോപിക്കുന്നു.
ജമ്മു കാഷ്മീരിലെ 90 മണ്ഡലങ്ങലിലായി 365 സ്വതന്ത്രസ്ഥാനാർഥികളാണു രംഗത്തുള്ളത്. 208നുശേഷം ഏറ്റവുമധികം സ്വതന്ത്രർ മത്സരിക്കുന്നത് ഇത്തവണയാണ്. 2008ൽ 468 സ്വതന്ത്രരാണ് രംഗത്തുണ്ടായിരുന്നത്. 2008നുശേഷം ഏറ്റവുമധികം സ്ഥാനാർഥികളും ഇത്തവണയാണ്.
ഇത്തവണ ജമ്മു മേഖലയിലെ 43 സീറ്റുകളിൽ 367 സ്ഥാനാർഥികളും കാഷ്മീർ താഴ്വരയിലെ 47 സീറ്റുകളിൽ 541 സ്ഥാനാർഥികളും ജനവിധി തേടുന്നു. സോപോറിലാണ് ഏറ്റവുമധികം സ്വതന്ത്ര സ്ഥാനാർഥികളുള്ളത്-22. ഇവരിൽ 14 പേർ സ്വതന്ത്രരാണ്.
പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ സഹോദരൻ അജാസ് ഗുരു സോപോറിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്. ബന്ദിപോറയിലെ സോനാവാരി മണ്ഡലത്തിൽ 11 സ്വതന്ത്രരടക്കം 20 സ്ഥാനാർഥികളുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം.