കോൺട്രാക്ടർക്കു വധഭീഷണി; കർണാടകയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
Sunday, September 15, 2024 2:27 AM IST
ബംഗളൂരു: കോൺട്രാക്ടർക്കുനേരേ വധഭീഷണി മുഴക്കുകയും ജാതീയാധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ കർണാടകയിലെ ബിജെപി എംഎൽഎ അറസ്റ്റിൽ.
ബംഗളൂരു രാജരാജേശ്വരി നഗർ മണ്ഡലം എംഎൽഎ മുനിരത്നയെയാണ് ഇന്നലെ കോലാറിൽനിന്ന് അറസ്റ്റ് ചെയ്തത്. കോൺട്രാക്ടറായ ചെലവരാജുവിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.
വധഭീഷണി മുഴക്കിയതിനും ജാതീയാധിക്ഷേപം നടത്തിയതിനും വെവ്വേറെ എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൈക്കൂലി ആവശ്യപ്പെട്ടാണു മുനിരത്ന തനിക്കുനേരെ വധഭീഷണി മുഴക്കിയതെന്നാണ് കോൺട്രാക്ടർ പറയുന്നത്. ഇതു വ്യക്തമാക്കുന്ന ഓഡിയോടേപ്പ് അദ്ദേഹം പുറത്തുവിട്ടിരുന്നു.
ആരോപണങ്ങളിൽ അഞ്ചു ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മുനിരത്നയ്ക്കു ബിജെപി സംസ്ഥാന ഘടകം നോട്ടീസ് നൽകിയിട്ടുണ്ട്.
ജാതീയാധിക്ഷേപം നടത്തിയതിൽ പ്രതിഷേധിച്ച് മുനിരത്നയുടെ ബംഗളൂരുവിലെ വസതിക്കുമുന്നിൽ പ്രതിഷേധപരിപാടി നടത്താൻ ദളിത് സംഘർഷ സമിതി തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വസതിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദളിതരെ അധിക്ഷേപിച്ച മുനിരത്നയെ പുറത്താക്കാൻ ബിജെപി തയാറാകണമെന്ന് കോൺഗ്രസ് നേതാവ് ഡി.കെ.സുരേഷ് ആവശ്യപ്പെട്ടു.