യെച്ചൂരിക്ക് അന്ത്യോപചാരമർപ്പിച്ച് ജെഎൻയു
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരമർപ്പിച്ച് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾ.
അടിയന്തരാവസ്ഥക്കാലത്ത് പിക്കറ്റിംഗ് നടത്തിയും സമരവേദികളിൽ ജ്വലിക്കുന്ന വാക്കുകളിലൂടെ വിദ്യാർഥികളെ ആവേശം കൊള്ളിച്ചും തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആദ്യപടവുകൾ നടന്നുകയറിയ അതേ കലാലയം ഏറെ വൈകാരികമായാണു സീതാറാം യെച്ചൂരിയെന്ന പകരക്കാരനില്ലാത്ത നേതാവിന് ആദരാഞ്ജലിയർപ്പിച്ചത്.
ഭൗതികശരീരം ഇന്നലെ വൈകുന്നേരം 4.15 ഓടെയാണു ജെഎൻയുവിലെത്തിച്ചത്. വിദ്യാർഥി യൂണിയൻ ഓഫീസിലെ പൊതുദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും രാഷ്ട്രീയനേതാക്കളും അന്ത്യോപചാരം അർപ്പിച്ചു. ചടങ്ങിലുടനീളം വിദ്യാർഥികൾ റെഡ് സല്യൂട്ട് മുദ്രാവാക്യം വിളികളുയർത്തിക്കൊണ്ടേയിരുന്നു.
സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ജോണ് ബ്രിട്ടാസ് എംപി, എ.എ. റഹീം എംപി തുടങ്ങിയവർ പൊതുദർശനചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുദർശനത്തിനുശേഷം മൃതദേഹം വസന്ത്കുഞ്ജിലെ വീട്ടിലേക്ക് കൊണ്ടു പോയി.
ഭൗതികദേഹം ഇന്നു രാവിലെ 11 മുതൽ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വൈകുന്നേരത്തോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനാർഥം ഡൽഹി എയിംസിനു കൈമാറും.