മണിപ്പുർ കലാപം : ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ച് മണിപ്പുർ സർക്കാർ
Saturday, September 14, 2024 3:04 AM IST
ഇംഫാൽ: കലാപവും വിദ്യാർഥി പ്രക്ഷോഭവും കണക്കിലെടുത്തു താഴ്വരയിലെ അഞ്ചു ജില്ലകളിൽ നിലവിലുണ്ടായിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പുർ സർക്കാർ ഭാഗികമായി പിൻവലിച്ചു.
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള താത്കാലിക വിലക്കാണ് പിൻവലിച്ചത്. അതേസമയം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം തുടരുമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി.
കലാപം വീണ്ടും ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെയും സംസ്ഥാന സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കണമെന്ന ആവശ്യവുമായുള്ള വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നാണ് കഴിഞ്ഞ 10 മുതൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിലക്കിയത്.
ഓഫീസ് അടച്ചിട്ടില്ലെന്ന് മണിപ്പുർ ബിജെപി നേതൃത്വം
ഇംഫാൽ: കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇംഫാലിലുള്ള സംസ്ഥാന ഓഫീസ് അടച്ചുപൂട്ടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മണിപ്പുർ ബിജെപി.
കർഫ്യു ഉൾപ്പെടെ തുടരുന്നതിനാൽ ഓഫീസിൽ വളരെക്കുറിച്ച് ആളുകൾ മാത്രമാണ് എത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സരത് കുമാർ സിംഗ് പറഞ്ഞു.
ഓഫീസ് അടച്ചിടാൻ നിർദേശം കിട്ടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു നിർദേശം ലഭിച്ചിട്ടില്ല. ഓഫീസ് അടച്ചിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.