ധനമന്ത്രിയോടു ഹോട്ടലുടമ ക്ഷമാപണം നടത്തിയ സംഭവം: വിമർശിച്ച് രാഹുൽ
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഹോട്ടലുടമ ധനമന്ത്രി നിർമല സീതാരാമനോടു ക്ഷമ ചോദിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ധനമന്ത്രിയുടെ നടപടി അഹങ്കാരത്തോടും അനാദരവോടും കൂടിയുള്ളതാണെന്ന് സമൂഹമാധ്യമമായ എക്സിൽ രാഹുൽ കുറിച്ചു.
ചെറുകിട കച്ചവടക്കാർക്ക് അഹങ്കാരത്തോടെ മറുപടി നൽകുന്ന ബിജെപി കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നിയമം മാറ്റാനും രാജ്യത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനും അനുവാദം നൽകുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോയന്പത്തൂരിലെ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമ ശ്രീനിവാസൻ ജിഎസ്ടി സംവിധാനത്തിന്റെ പോരായ്മകൾ തമാശരൂപേണ നിർമല സീതാരാമൻ പങ്കെടുത്ത പൊതുപരിപാടിയിൽ ചൂണ്ടിക്കാട്ടിയതോടെയാണു സംഭവങ്ങളുടെ തുടക്കം. പിന്നീട് ഒരു ഹോട്ടൽമുറിയിൽ ശ്രീനിവാസൻ തന്റെ പരാമർശങ്ങളിൽ ധനമന്ത്രിയോടു ക്ഷമാപണം നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമാകുകയായിരുന്നു.
അതേസമയം, ധനമന്ത്രിയും ശ്രീനിവാസനും തമ്മിലുള്ള സ്വകാര്യ സംഭാഷണം പരസ്യമാക്കിയ ബിജെപി പ്രവർത്തകരുടെ നടപടിയിൽ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ക്ഷമ ചോദിച്ചു.