പോലീസിനെ അക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു തൗബൽ ജില്ലയിൽ ജനക്കൂട്ടം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ കീഴടക്കി ആയുധങ്ങൾ തട്ടിയെടുക്കുകയും പോലീസിനുനേരേ വെടിയുതിർക്കുകയും ചെയ്തുവെന്ന് മണിപ്പുർ പോലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
മെയ്തെയ് തീവ്ര ഗ്രൂപ്പായ അരംബായി തെങ്കോളിന്റെ നേതൃത്വത്തിലായിരുന്നു പോലീസുകാർക്കു നേരെ ആക്രമണം നടത്തി ആയുധങ്ങൾ തട്ടിയെടുത്തതെന്നാണു സംശയം.
മണിപ്പുർ റൈഫിൾസിന്റെ ഇംഫാലിലെ രണ്ടാമത്തെയും ഏഴാമത്തെയും ക്യാന്പുകളിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മെയ്തെയ് ആൾക്കൂട്ടം ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു.
കണ്ണീർവാതകം പ്രയോഗിച്ചാണു സുരക്ഷാസേന അവരെ തടഞ്ഞതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മേയ് മൂന്നിന് കലാപം തുടങ്ങിയശേഷം പോലീസിന്റെയും സൈന്യത്തിന്റെയും ആയുധപ്പുരകൾ ജനക്കൂട്ടം പലതവണ കൊള്ളയടിച്ചിരുന്നു.
മെയ്തെയ് തീവ്രഗ്രൂപ്പുകളാണ് ആയുധപ്പുരകൾ കൊള്ളയടിച്ചതിന് പ്രധാനമായും നേതൃത്വം നൽകിയതെങ്കിലും കുക്കി തീവ്ര ഗ്രൂപ്പുകളും ചിലയിടത്ത് സമാന ആക്രമണം നടത്തിയിരുന്നു.
കേന്ദ്രം ഇടപെടണം: സാംഗ്മ മണിപ്പുരിലെ പുതിയ അക്രമസംഭവങ്ങൾ ആശങ്കാജനകമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്റാഡ് സാംഗ്മ. അക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ടെന്നും ബിജെപി സഖ്യകക്ഷി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.
മണിപ്പുരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയുടെ നിർണായക തിരുത്തൽ നടപടികൾ വേണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
യുക്രെയ്നിൽ സമാധാനത്തിനു ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ കലാപം പരിഹരിക്കാൻ നടപടിയെടുക്കുകയോ മണിപ്പുർ സന്ദർശിച്ച് കലാപത്തിലെ ഇരകളെ ആശ്വസിപ്പിക്കുകയോ ചെയ്യാത്തത് തീർത്തും തെറ്റാണെന്നും കോണ്ഗ്രസ് ഓർമപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാർ, വിദേശ ഘടകങ്ങൾ, അനധികൃത മയക്കുമരുന്ന് മാഫിയ എന്നിവർക്കു മണിപ്പുർ കലാപത്തിൽ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇന്നർ മണിപ്പുരിൽനിന്നുള്ള കോണ്ഗ്രസ് എംപി എ. ബിമോൾ അകോയ്ജം കത്തെഴുതി.