""പിന്തുണച്ചില്ല, ആശുപത്രി ഫോട്ടോ പ്രചരിപ്പിച്ച് രാഷ്ട്രീയം കളിച്ചു ''
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: ഒളിന്പിക്സിനിടെ ആശുപത്രിയിലെത്തി അനുവാദമില്ലാതെ കൂടെനിന്നു ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതല്ലാതെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ തനിക്കു പിന്തുണ നൽകിയില്ലെന്ന് ഒളിന്പിക്സ് ഗുസ്തിയിൽ സ്വർണമെഡലിന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്.
അയോഗ്യതയ്ക്കെതിരേ അപ്പീൽ ഫയൽ ചെയ്യേണ്ടത് ഇന്ത്യൻ അധികാരികളുടെ കടമയായിരുന്നിട്ടും താൻ സ്വന്തമായാണു കേസ് ഫയൽ ചെയ്തതെന്നും മൂന്നാംകക്ഷിയെ പോലെയാണ് ഉഷ പെരുമാറിയതെന്നും ഫോഗട്ട് കുറ്റപ്പെടുത്തി.
പിന്നാന്പുറത്തെ രാഷ്ട്രീയക്കളികൾകൊണ്ടാണു പാരീസ് ഒളിന്പിക്സിലെ അയോഗ്യതയിൽ തന്റെ ഹൃദയം തകർന്നതെന്ന് പി.ടി. ഉഷയ്ക്കെതിരേ രൂക്ഷ വിമർശനം ഉയർത്തി ഫോഗട്ട് വ്യക്തമാക്കി. എന്തു പിന്തുണയാണ് പാരീസിൽ തനിക്കു ലഭിച്ചതെന്ന് അറിയില്ല. എംപികൂടിയായ പി.ടി. ഉഷ തന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. തന്നോടു പറയാതെയാണ് ഫോട്ടോയെടുത്തത്. ആശുപത്രിയിലെ തന്റെ ഫോട്ടോയാണു രാഷ്ട്രീയം കളിക്കാൻ ഉപയോഗിച്ചത്.
രാഷ്ട്രീയത്തിൽ പലതും അടഞ്ഞ വാതിലുകൾക്കു പിന്നിലാണു നടക്കുന്നത്. അതുപോലെ പാരീസിലും രാഷ്ട്രീയമാണു നടന്നത്. അതുകൊണ്ടാണ് തന്റെ ഹൃദയം തകർന്നത്- ഹരിയാനയിലെ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിൽ 30കാരിയായ ഒളിന്പിക് ഗുസ്തി താരം പറഞ്ഞു.
""ആശുപത്രിക്കിടക്കയിലായിരുന്നു. പുറത്ത് എന്താണു സംഭവിക്കുന്നതെന്ന് അറിയില്ല. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണു ഞാൻ കടന്നുപോയത്. ആ സ്ഥലത്ത്, എന്നോടൊപ്പം നിൽക്കുന്ന എല്ലാവരെയും കാണിക്കാൻവേണ്ടി, എന്നോടു പറയാതെ ഫോട്ടോ ക്ലിക്ക് ചെയ്തു. എന്റെ കൂടെ നിൽക്കുന്നുവെന്നു പറഞ്ഞ് ആ ഫോട്ടോ ഉഷ മാഡം സോഷ്യൽ മീഡിയയിൽ ഇട്ടു. അതൊരു നാട്യം ആയിരുന്നു.'' - ഫോഗട്ട് പറഞ്ഞു.
അയോഗ്യതയ്ക്കെതിരേ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) സംയുക്ത വെള്ളി മെഡൽ നൽകുന്നതിനായി അപ്പീൽ നൽകി. സ്വന്തം നിലയിലാണു കേസ് ഫയൽ ചെയ്തത്. ഹരീഷ് സാൽവെ അടുത്ത ദിവസമാണു കേസിൽ ചേർന്നത്.
പാരീസിലുണ്ടായിരുന്ന അഭിഭാഷകരാണ് തനിക്കുവേണ്ടി കേസ് ഫയൽ ചെയ്തത്. അത് ഇന്ത്യാ ഗവണ്മെന്റിൽനിന്നു ചെയ്തതല്ല. അവർ മൂന്നാം കക്ഷിയായി പ്രവർത്തിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ചാണു പാരീസിലെത്തിയത്. അതിനാൽ അപ്പീൽ ഫയൽ ചെയ്യേണ്ടത് അവരുടെ കടമയാണെന്നും വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി.
ഗുസ്തി ഉപേക്ഷിക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും കായികമേഖലയ്ക്കു പിന്നിലെ രാഷ്ട്രീയക്കളികൾ കൊണ്ടാണ് ഈ രംഗം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ഫോഗട്ട് വ്യക്തമാക്കി.