ശശി തരൂരിനെതിരായ അപകീർത്തി കേസ് റദ്ദാക്കി
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേളിനോട് ഉപമിച്ചെന്ന അപകീർത്തി കേസിൽ കോണ്ഗ്രസ് എംപി ശശി തരൂരിനെതിരായ വിചാരണനടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഹർജി തള്ളിയ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണു തരൂർ സുപ്രീംകോടതിയെ സമീപിച്ചത്.
“ശിവലിംഗത്തിലിരിക്കുന്ന തേൾ’’ എന്നു മോദിയെ 2018ൽ തരൂർ വിശേഷിപ്പിച്ചെന്നാണു കേസ്. എന്നാൽ, മോദിയുടെ അജയ്യതയെ സൂചിപ്പിക്കാനുള്ള ആലങ്കാരിക പ്രയോഗത്തിൽ എന്തിനാണ് എതിർപ്പെന്നു വ്യക്തമല്ലെന്ന് ജസ്റ്റീസുമാരായ ഹൃഷികേശ് റോയ്, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പ്രയോഗം തരൂരിന്റെ സ്വന്തമല്ലെന്നും 2012ൽ കാരവൻ മാസികയിലെ ലേഖനത്തിൽ മറ്റൊരാൾ നടത്തിയത് തരൂർ ഉദ്ധരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2012ൽ അപകീർത്തിയല്ലാത്തത് എങ്ങനെയാണ് 2018ൽ അപകീർത്തിയാകുന്നതെന്നും ജഡ്ജിമാർ ചോദിച്ചു.
2018ൽ ബംഗളൂരു സാഹിത്യോത്സവത്തിൽ ശശി തരൂർ നടത്തിയ പരാമർശം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ കേസ് നൽകിയത്.