കണ്‍സൾട്ടൻസി വഴിയും സെബി മേധാവി കോടികൾ തട്ടിയെന്ന് കോണ്‍ഗ്രസ്
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: കണ്‍സൾട്ടൻസി സ്ഥാപനം വഴി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ച് 2.95 കോടി രൂപ കൈപ്പറ്റിയെന്നു കോണ്‍ഗ്രസ്.
ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയുടെ മുഴുവൻസമയ അംഗമായശേഷമാണു മാധബിക്ക് 90 ശതമാനം ഓഹരിയുള്ള അഗോറ അഡ്വൈസറി എന്ന സ്വകാര്യ കണ്‍സൾട്ടിംഗ് സ്ഥാപനം വഴി മഹീന്ദ്ര അടക്കമുള്ള കന്പനികളിൽനിന്നു കോടികൾ അവർ കൈപ്പറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ ആരോപിച്ചു.
സെബിയിൽ ചേർന്നതിനുശേഷം അഗോറ എന്ന തന്റെ സ്വകാര്യ കണ്‍സൾട്ടൻസി സ്ഥാപനം പ്രവർത്തനരഹിതമായെന്ന മാധബി ബുച്ചിന്റെ അവകാശവാദം തെറ്റാണെന്ന് കേന്ദ്ര കന്പനികാര്യ മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
മാധബിയുടെ അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സൾട്ടൻസി സ്ഥാപനം സേവനങ്ങൾ തുടർന്നും നൽകുകയും 2016-2024 കാലയളവിൽ 2.95 കോടി രൂപ വരുമാനം നേടുകയും ചെയ്തുവെന്ന് ഖേര വ്യക്തമാക്കി.
2024 മാർച്ച് 31നകം അഗോറ കന്പനിയിൽ 99 ശതമാനം ഓഹരിയും മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുണ്ട്. കന്പനിയുടെ ഓഹരിയെക്കുറിച്ചു കള്ളം പറഞ്ഞതിന് മാധബി പിടിക്കപ്പെട്ടു. സത്യം മനഃപൂർവം മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും പവൻ ഖേര ആരോപിച്ചു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഢീസ്, പിഡ്ലൈറ്റ്, ഐസിഐസിഐ, സെംബ്കോർപ്, വിസു ലീസിംഗ് ആൻഡ് ഫിനാൻസ് എന്നിവ മാധബിയുടെ അഗോറ കണ്സൾട്ടൻസിയിൽനിന്നു സേവനം നേടിയെന്നും പ്രതിഫലത്തുക നൽകിയെന്നും കോണ്‍ഗ്രസ് വക്താവ് വിശദീകരിച്ചു.
അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ച 2.95 കോടി രൂപയിൽ 2.59 കോടിയും വന്നത് മഹീന്ദ്ര കന്പനിയിൽനിന്നു മാത്രമാണ്. അഗോറയ്ക്കു ലഭിച്ച മൊത്തം പണത്തിന്റെ 88 ശതമാനമാണിത്. നിലവിൽ സെബിയുടെ അന്വേഷണത്തിലുള്ള കന്പനികളുമായി ബന്ധമുള്ള അഗോറ കന്പനി മാധബി പുരി ബുച്ചിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള സ്വകാര്യ കന്പനിയാണ്.
2019നും 2021നും ഇടയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽനിന്നു സെബി മേധാവിയുടെ ഭർത്താവ് ധവൽ ബുച്ച് 4.78 കോടി രൂപ സ്വീകരിച്ചു. സെബിയുടെതന്നെ 11-ാം വകുപ്പിന്റെ ലംഘനമാണിതെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
2017നും 2024നും ഇടയിൽ ഐസിഐസിഐ ബാങ്കിൽനിന്ന് 16.80 കോടി രൂപ സെബി മേധാവിയായ മാധബി ബുച്ച് പ്രതിഫലം നേടിയെന്ന് കഴിഞ്ഞമാസം കോണ്‍ഗ്രസ് ആരോപിച്ചതിന്റെ തുടർച്ചയാണ് ഇന്നലത്തെ ആരോപണം.
ഒരേസമയം രണ്ടിടത്തുനിന്ന് വൻതുക കൈപ്പറ്റിയിരുന്ന സെബി മേധാവി, തന്റെ സ്വകാര്യസ്ഥാപനം വഴിയും കോടികൾ കൈപ്പറ്റിയെന്നാണു പുതിയ വെളിപ്പെടുത്തൽ. നിർണായക വിവരങ്ങൾ മാധബി മനഃപൂർവം മറച്ചുവച്ചുവെന്ന് പവൻ ഖേര പറഞ്ഞു.
അദാനി മേൽനോട്ടം വഹിക്കുന്ന ഷെൽ കന്പനിയിൽ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന് ഓഗസ്റ്റിൽ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണത്തെത്തുടർന്നാണ് സെബി മേധാവിക്കെതിരേ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്.
2020നും 2024നും ഇടയിൽ അഗോറ 2.54 കോടി രൂപ വരുമാനം നേടിയതായി ഹിൻഡൻബർഗ് റിസർച്ച് പ്രസിദ്ധീകരിച്ച രേഖകളിലുണ്ട്. 2013 മേയ് മാസത്തിലാണ് അറോറ ആരംഭിച്ചത്.