പ്രധാനമന്ത്രി അമേരിക്കയിലേക്ക്
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: ഈ മാസം അമേരിക്കയിൽ നടക്കുന്ന ‘ക്വാഡ്’ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നയതന്ത്ര സുരക്ഷാ കൂട്ടായ്മയായ ‘ക്വാഡ് ഉച്ചകോടി’ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ ഡെലാവെയറിലെ വിൽമിങ്ടണിൽ ഈ മാസം 21നാണ് ആരംഭിക്കുക.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷീദാ എന്നിവർ നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഇന്തോ-പസഫിക് മേഖലാ രാജ്യങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും യുക്രെയ്ൻ-റഷ്യ സംഘർഷവും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളായേക്കും.
ഈ വർഷം ‘ക്വാഡ്’ ഉച്ചകോടിക്ക് ഇന്ത്യയാണു വേദിയാകേണ്ടിയിരുന്നത്. എന്നാൽ, ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് തെരഞ്ഞെടുപ്പടക്കമുള്ള തിരക്കേറിയ ദിവസങ്ങളായതിനാൽ എല്ലാവർക്കും അഭികാമ്യമായ വേദി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനു പകരം അടുത്ത ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കും.
അതേസമയം ഈ മാസമൊടുവിൽ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.