ആർജി കർ സമരത്തിൽ സുപ്രീംകോടതി: "ഡോക്ടർമാർ ഇന്നുതന്നെ ജോലിയിൽ പ്രവേശിക്കണം'
Tuesday, September 10, 2024 1:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ ഇന്നു വൈകുന്നേരം അഞ്ചിനകം ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീംകോടതി.
ജോലി പുനരാരംഭിച്ചാൽ സമരക്കാർക്കെതിരേ പ്രതികാരനടപടികൾ ഉണ്ടാകരുതെന്നും ആശുപത്രിക്കും ഡോക്ടർമാർക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കം ചെയ്യാനും സുപ്രീംകോടതി നിർദേശിച്ചു. കേസിൽ പുതിയ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
വനിതാ ഡോക്ടറുടെ പോസ്റ്റ്മോർട്ടത്തിനുള്ള ചെലാൻ (രേഖ) കാണാത്തതിനെ ജസ്റ്റീസ് ജെ.ബി. പർദിവാല വിമർശിച്ചു. രേഖ ഹാജരാക്കാൻ ബംഗാൾ സർക്കാരിനോട് കോടതി നിർദേശിച്ചു. കേസ് 17ന് കൂടുതൽ വാദം കേൾക്കാനായി മാറ്റി.
ഓഗസ്റ്റ് ഒന്പതിന് ആർജി കർ മെഡിക്കൽ കോളജിൽ ട്രെയ്നി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണു നിർദേശം.
തുടർച്ചയായി ജോലിയിൽനിന്നു വിട്ടുനിൽക്കുന്നത് ആവർത്തിച്ചാൽ അത്തരം ഡോക്ടർമാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
പ്രതിഷേധിക്കുന്ന ഡോക്ടർമാർ ജോലി പുനരാരംഭിച്ചാൽ, സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കില്ലെന്ന് പശ്ചിമബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരമോന്നത കോടതിക്ക് ഉറപ്പുനൽകി.
യുവഡോക്ടർമാർ തിരിച്ചെത്തി ജോലി പുനരാരംഭിക്കണം. ആദ്യം ജോലിയിലേക്കു മടങ്ങുക. എന്താണു സംഭവിക്കുന്നതെന്ന് കോടതിക്ക് അറിയാം. ജില്ലാ കളക്ടർമാരും പോലീസ് സൂപ്രണ്ടും സുരക്ഷ ഉറപ്പാക്കും.
ഡോക്ടർമാർ ജോലിക്കു വന്നില്ലെങ്കിൽ അവർക്കെതിരേയുള്ള അച്ചടക്കനടപടിക്ക് ആരെയും ഉത്തരവാദിയാക്കരുത്. ജോലി പുനരാരംഭിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുന്നതിൽനിന്നു സർക്കാരിനെ തടയാനാകില്ല. പ്രതിഷേധം ഡ്യൂട്ടി ചെലവിൽ വേണ്ട- ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
ആശുപത്രികളിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണം. ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കണം. ആവശ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് ഉറപ്പാക്കണം.
സാധുവായ തിരിച്ചറിയൽ കാർഡില്ലാതെ അത്യാഹിത വിഭാഗത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. സർക്കാർ മെഡിക്കൽ കോളജുകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടർമാർക്കും എസ്പിമാർക്കും സുപ്രീംകോടതി നിർദേശം നൽകി.
ആർജി കർ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും മറ്റുമായി പണം അനുവദിച്ചതായി ആരോഗ്യ സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
പൊലിഞ്ഞത് 23 ജീവനുകളെന്ന്
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ മാനഭംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു നടന്ന ഡോക്ടർമാരുടെ സമരത്തിൽ 23 രോഗികളുടെ ജീവൻ പൊലിഞ്ഞതായി പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഡോക്ടർമാരുടെ പണിമുടക്കിനെത്തുടർന്ന് ആറു ലക്ഷം പേർക്കു ചികിത്സ നിഷേധിക്കപ്പെട്ടതായും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഭയം മൂലമാണ് ഡോക്ടർമാർ സമരം ചെയ്യുന്നതെന്നും ജൂണിയർ ഡോക്ടർമാർ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്നും റസിഡന്റ് ഡോക്ടർമാരുടെ സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷക ഗീത ലൂത്ര വാദിച്ചു. ആശുപത്രികൾക്കു പുറത്ത് ഡോക്ടർമാർ സന്നദ്ധസേവനം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.