മണിപ്പുരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണം: കൊടിക്കുന്നിൽ സുരേഷ് എംപി
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
മണിപ്പുരിൽ അടുത്തിടെ നടന്ന അക്രമങ്ങൾ രാജ്യത്തിന്റെ മതേതരത്വത്തിനുനേരേയുള്ള ആക്രമണമാണെന്നും എല്ലാ സമുദായങ്ങളെയും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമ ഉയർത്തിപ്പിടിക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല.
ഇന്ത്യപോലുള്ള രാജ്യത്ത് മതന്യൂനപക്ഷങ്ങൾ ഇത്തരം ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നത് അംഗീകരിക്കാനാകില്ല. ആക്രമണത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. എല്ലാ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അധിക സേനയെ വിന്യസിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.