അബുദാബി രാജകുമാരൻ ഇന്ത്യയിലേക്ക്
Sunday, September 8, 2024 2:25 AM IST
ന്യൂഡൽഹി: രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അബുദാബി രാജകുമാരൻ ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ സെപ്റ്റംബർ ഒൻപതിന് ഇന്ത്യയിലെത്തും.
ഉന്നതതല മന്ത്രിസംഘവും വ്യാപാരിസമൂഹവും രാജകുമാരനെ അനുഗമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് രാജകുമാരന്റെ പ്രഥമ ഇന്ത്യാസന്ദർശനം. അന്നേദിവസം മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജം, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണ കരാറുകളിൽ ഒപ്പുവയ്ക്കും. സന്പൂർണ നയതന്ത്ര പങ്കാളിത്തത്തിൽ ഊന്നിയുള്ള മുന്നേറ്റമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയശേഷം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ട് സന്ദർശിക്കും. സെപ്റ്റംബർ 10ന് മുംബൈയിലെ ബിസിനസ് ഫോറത്തിൽ പങ്കെടുത്തശേഷം അബുദാബിയിലേക്കു മടങ്ങും.