ഡൽഹി കലാപം: ഷർജീൽ ഇമാമിന്റെ ഹർജി തള്ളി
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന ഗവേഷണവിദ്യാർഥി ഷർജീൽ ഇമാമിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
കോടതി നേരത്തെ നിശ്ചയിച്ച ഒക്ടോബർ ഏഴിന് ജാമ്യഹർജി പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു.
2020 ജനുവരിയിലാണ് യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മേയ് 29ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഗൂഢാലോചന ക്കേസിൽ പ്രതിയായതിനാൽ ജയിൽമോചനം സാധ്യമായിരുന്നില്ല.