അൻവറിന്റെ ആരോപണങ്ങൾ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമല്ലെന്ന് കെ.സുരേന്ദ്രൻ
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ ആഭ്യന്തരവകുപ്പിനെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമല്ലെന്നും മുഖ്യമന്ത്രിയും അൻവറും ചേർന്ന് പറഞ്ഞുതീർക്കേണ്ട വിഷയമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
വിഷയം കേന്ദ്ര ഏജൻസികൾക്കു കൈമാറാൻ മുഖ്യമന്ത്രി തയാറാകണമെന്നും സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാരുടെ ഫോണ് ചോർത്തൽ, സ്വർണക്കടത്ത് തുടങ്ങി കൊലപാതകം വരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നതെന്നും വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി പ്രതികരിക്കുന്നില്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നുള്ള വി.ഡി. സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.