ഛത്തീസ്ഗഡിൽ ഒന്പത് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Wednesday, September 4, 2024 2:35 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിൽ ഒന്പത് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബസ്തറിലെ വനമേഖലയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ആറു പേർ വനിതകളാണ്.
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), സിആർപിഎഫ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്.
ഒന്പതു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കണ്ടെടുത്തു. വൻ ആയുധശേഖരവും പിടിച്ചെടുത്തു. ഈ വർഷം ഛത്തീസ്ഗഡിൽ 154 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.